ഇ-കൊമേഴ്സ് നയം: ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം നല്‍കിയേക്കും

By Web TeamFirst Published Jan 27, 2019, 10:05 PM IST
Highlights

പുതിയ സര്‍ക്കാര്‍ നയം അനുസരിച്ച് ബിസിനസ് മോഡലില്‍ മാറ്റം വരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു.

ദില്ലി: ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ) നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പാലിക്കുന്നതിന് കമ്പനികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഫ്രെബ്രുവരി ഒന്നുമുതല്‍ പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ അനുസരിച്ച് ബിസിനസ് മോഡലില്‍ മാറ്റം വരുത്തണമെന്ന് വിദേശ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

പുതിയ സര്‍ക്കാര്‍ നയം അനുസരിച്ച് ബിസിനസ് മോഡലില്‍ മാറ്റം വരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു. പുതിയ നിയമം നടപ്പാക്കാന്‍ രണ്ട് മാസമെങ്കിലും സമയം നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.

നയം നടപ്പാക്കാന്‍ നാല് മാസം സമയം വേണമെന്നാണ് ആമസോണ്‍ ആവശ്യപ്പെട്ടത്. ആറ് മാസത്തെ സമയമാണ് ഫ്ലിപ്പ്കാര്‍ട്ട് ചോദിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പ് നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

click me!