മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകളില്‍ പണമില്ല; രണ്ടിടത്ത് സംഘര്‍ഷം

By Web DeskFirst Published Dec 13, 2016, 8:42 AM IST
Highlights

കണ്ണൂരിന്റെ മലയോര പ്രദേശമായ കേളകത്തെ മൂന്ന് പഞ്ചായത്തുകളുടെ പ്രധാന ആശ്രയ കേന്ദ്രമായ ഫെഡറല്‍ ബാങ്ക് ശാഖയില്‍ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ചെക്ക് നല്‍കി പണം പിന്‍വലിക്കാനെത്തിയവരോട് പണമില്ലാത്തതിനാല്‍ ചെക്ക് നിക്ഷേപിച്ച ശേഷം പിന്നീട് വരാന്‍ പരഞ്ഞതാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്.  പ്രതിഷേധം ശക്തമായതോടെ ജീവനക്കാര്‍ക്ക് ബാങ്ക് പൂട്ടി സമീപത്തെ ഗോഡൗണിലേക്ക് മാറേണ്ടി വന്നു.  കളക്ടറെത്തി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട ഇടപാടുകാരെ  പൊലീസെത്തിയാണ് അനുനയിപ്പിച്ചത്. ടോക്കണ്‍ നല്‍കി, പണം പിന്നീട് നല്‍കാമെന്ന ധാരണയിലാണ് സംഘര്‍ഷത്തിന് അയവ് വന്നത്.  

കോട്ടയത്ത് ഉഴവൂരില്‍ എസ്.ബി.ടി ശാഖയിലും പണം നല്‍കാനില്ലാത്തതിനാല്‍ ഇടപാടുകാരെ ടോക്കണ്‍ നല്‍കി മടക്കി അയക്കേണ്ടി വന്നു.  ചെക്കുമായെത്തുന്ന സാധാരണക്കാര്‍ക്ക് മുഴുവന്‍ പണവും നല്‍കാതെ കുറഞ്ഞ തുക നല്‍കി മടക്കി അയക്കുന്നതില്‍ പ്രതിഷേധം ശക്തമാണ് ഗ്രാമീണ മേഖലകളില്‍.  മൂന്ന് ദിവസത്തെ അവധിക്കൊപ്പം എ.ടി.എമ്മുകളിലും പണമില്ലാതായതാണ് പ്രതിഷേധം ശക്തമാകാന്‍ ഇടയാക്കിയത്.  ഗ്രാമീണ മേഖലകളില്‍ എടിഎമ്മുകളില്‍ പണം നിറക്കാന്‍ അലംഭാവം കാട്ടുന്നുവെന്ന ആക്ഷേപവുമുണ്ട്.  ഏതായാലും മൂന്ന് ദിവസത്തിന് ശേഷം ഇന്ന് തുറന്ന ബാങ്കുകളില്‍ വലിയ തിരക്കാണ് ഇന്നനുഭവപ്പെട്ടത്. കണ്ണൂരും കോട്ടയവും ഒഴിച്ചാല്‍ മറ്റിടങ്ങളില്‍ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല.

click me!