നോട്ടസാധുവാക്കലിലൂടെ കള്ളപ്പണം പിടിച്ചെടുക്കാനായോ എന്നതില്‍ വ്യക്തതയില്ലെന്ന് റിസര്‍വ് ബാങ്ക്

By Web DeskFirst Published Sep 5, 2017, 12:32 PM IST
Highlights

നോട്ടസാധുവാക്കലിലൂടെ കള്ളപ്പണം പിടിച്ചെടുക്കാനായോ എന്നതില്‍ വ്യക്തതയില്ലെന്ന് റിസര്‍വ് ബാങ്ക്. എത്ര രൂപയുടെ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്നതിന്‍റെ കണക്കുകളും ലഭ്യമല്ല. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സമിതിക്കു മുന്നിലായിരുന്നു ആര്‍ബിഐയുടെ വെളിപ്പെടുത്തല്‍.

നോട്ടസാധുവാക്കല്‍ പരാജയമാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് കള്ളപ്പണം സംബന്ധിച്ച റിസര്‍വ് ബാങ്ക് വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. 2016 നവംബര്‍‍ എട്ടിന് അസാധുവായത് 15.44 ലക്ഷം കോടിയുടെ ആയിരം, 500 രൂപ നോട്ടുകള്‍. ഏഴ് മാസത്തിനകം റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയത് 15.28 ലക്ഷം കോടി രൂപ. ഇതില്‍ കള്ളപ്പണം ഉണ്ടോ എന്ന് വ്യക്തമല്ല. നോട്ടസാധുവാക്കലിനെ തുടര്‍ന്ന് കള്ളപ്പണം വെളിപ്പിക്കപ്പെട്ടോ എന്നതിലും നിലവില്‍ കണക്കുകള്‍ ലഭ്യമല്ല.

തിരിച്ചെത്തിയ പണം സംബന്ധിച്ച് ഇപ്പോഴും പരിശോധന നടക്കുകയാണെന്നും പാര്‍ലമെന്ററി സമിതിയെ റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കുകള്‍ മുഖേനയും പോസ്റ്റ് ഓഫീസുകള്‍ മുഖേനയും തിരികെ സ്വീകരിച്ച 500, 1,000 നോട്ടുകളില്‍  ഒരു ഭാഗം ഇപ്പോഴും പല കറന്‍സി ചെസ്റ്റുകളിലാണ്. ഈ പണം സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും. ഭാവിയില്‍ നോട്ടു നിരോധനം പോലുള്ള നടപടികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്നും നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ആര്‍ബിഐ അറിയിച്ചു.

നോട്ടസാധുവാക്കല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ പുറകോട്ടടിച്ചു എന്ന പ്രതിക്ഷ ആരോപണത്തിനിടെയാണ് കള്ളപ്പണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ലെന്ന ആര്‍ബിഐയുടെ വെളിപ്പെടുത്തല്‍. നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയുടെ അഭിപ്രായം തേടിയിരുന്നില്ലെന്ന് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

click me!