ഫെബ്രുവരി 28ന് മുമ്പ് എല്ലാ അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധം

By Web DeskFirst Published Jan 7, 2017, 12:39 PM IST
Highlights

നോട്ട് നിരോധനത്തില്‍ തിരിച്ചടി നേരിട്ട കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം തടയാനുള്ള മറ്റ് നടപടികള്‍ ശക്തമാക്കുന്നു. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഫാറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇത് ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം. പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തുടങ്ങിയ അക്കൗണ്ടുകളടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണ്.

അതേസമയം നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളിലെ നിക്ഷേപം പരിശോധിക്കാനുള്ള നടപടികള്‍ ആദായ നികുതി വകുപ്പ് തുടങ്ങി. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചിട്ടുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ ജനുവരി 15ന് മുമ്പ് നല്‍കാന്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ കാലയളവില്‍ 2.5 ലക്ഷത്തിന് മുകളില്‍ നിക്ഷേപിച്ചിട്ടുള്ള സേവിങ്സ് അക്കൗണ്ടുകളിലെയും 12.5 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കപ്പെട്ട കറന്റ് അക്കൗണ്ടുകളിലെയും പൂര്‍ണ്ണ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ഏപ്രില്‍ ഒന്നു മുതല്‍ ഈ അക്കൗണ്ടുകളിലുള്ള എല്ലാ നിക്ഷേപങ്ങളുടെ വിവരങ്ങളും ബാങ്കുകള്‍ നല്‍കണം. അക്കൗണ്ട് ഉപയോഗത്തിന്റെ സ്വഭാവം നോട്ട് പിന്‍വലിക്കലിന് മുന്‍പും ശേഷവും എങ്ങനെയാണെന്ന് പരിശോധിക്കാനാണ് ഇത്. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ബാങ്കുകള്‍ക്ക് നല്‍കിയത്.

click me!