
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് വലിയ പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. എന്നാല്‍ പേടിഎം ഉപയോഗിച്ച് ബാങ്കുകളെ എളുപ്പത്തില്‍ കബളിപ്പിക്കാവുന്ന സൗകര്യം ഏറെ പേര്‍ ഉപയോഗിപ്പെടുത്തുന്നുണ്ട്. പേടിഎം വാലറ്റിലേക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം നിറയ്ക്കാന്‍ അധിക ചാര്‍ജ്ജ് നല്‍കേണ്ടതില്ല. ഈ പണം മറ്റ് ചാര്‍ജ്ജുകളൊന്നും കൂടാതെ ബാങ്ക് അക്കൗണ്ടിലേക്കും മാറ്റാനാവും. ചുരുക്കത്തില്‍ പലിശയോ മറ്റ് ചാര്‍ജ്ജുകളോ നല്‍കാതെ ക്രെഡിറ്റ് കാര്‍ഡിലെ പണം നോട്ടുകളായി കൈയ്യില്‍ കിട്ടുമെന്ന് മാത്രമല്ല, കാര്‍ഡ് ഉപയോഗത്തിന് ബാങ്കുകള്‍ നല്‍കുന്ന റിവാര്‍ഡ്സ് പോയിന്റുകളും കിട്ടും.
എന്നാല്‍ ഇത്തരത്തില്‍ പണം മറിക്കുന്നതിന് മാത്രമായി പേടിഎം വാലറ്റുകള്‍ ഉപയോഗിക്കുന്നവരെ തടയാനാണ് കമ്പനിയുടെ തീരുമാനം. കാര്‍ഡോ മറ്റ് മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് ഉപഭോക്താക്കള്‍ വാലറ്റിലേക്ക് പണം നിറയ്ക്കുമ്പോള്‍ ചാര്‍ജ്ജൊന്നും ഈടാക്കുന്നില്ലെങ്കിലും ബാങ്കുകള്‍ക്കും കാര്‍ഡ് നല്‍കുന്ന ഏജന്‍സികള്‍ക്കും പേടിഎം കമ്പനി പണം നല്‍കുന്നുണ്ട്. വാലറ്റിലെത്തുന്ന പണം സൈറ്റില്‍ ചിലവഴിക്കാതെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുമ്പോള്‍ കമ്പനിക്ക് ഈ സര്‍വ്വീസ് ചാര്‍ജ്ജ് നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്നാണ് വാദം. വാലറ്റിലേക്ക് എത്തുന്ന പണം പേടിഎമ്മില്‍ തന്നെ ബില്ലുകള്‍ അടയ്ക്കാനോ മറ്റ് തരത്തിലോ ചിലവഴിക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷനാണ് തങ്ങളുടെ വരുമാനമാര്‍ഗ്ഗമെന്നും കമ്പനി വിശദീകരിക്കുന്നു.
അതുകൊണ്ടുതന്നെ ഇനി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം വാലറ്റിലേക്ക് നിറയ്ക്കുമ്പോള്‍ രണ്ട് ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് ഒഴികെ മറ്റ് മാര്‍ഗ്ഗങ്ങള്‍ വഴി പണം നിറച്ചാല്‍ ഇപ്പോഴുള്ളത് പോലെ തുടര്‍ന്നും സര്‍വ്വീസ് ചാര്‍ജ്ജ് ഉണ്ടാവില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 250 രൂപയ്ക്ക് മുകളില്‍ വാലറ്റില്‍ നിറച്ചാല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നതിന്റെ തുല്യമായ നിരക്കില്‍ ഡിസ്കൗണ്ട് കൂപ്പണ്‍ നല്‍കും. 24 മണിക്കൂറിനുള്ളില്‍ എസ്.എം.എസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴിയായിരിക്കും ഡിസ്കൗണ്ട് കൂപ്പണ്‍ ലഭിക്കുക. ഇവ പേടിഎമ്മില്‍ ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.