ഒപ്പം നിന്നവര്‍ക്കുമുന്നിൽ തലകുനിക്കുന്നുവെന്ന് പ്രധാനമന്ത്രി; ശവമഞ്ചമൊരുക്കി പ്രതിപക്ഷം

By Web DeskFirst Published Nov 8, 2017, 5:51 PM IST
Highlights

ദില്ലി: നോട്ട് നിരോധനത്തിനെതിരെയുള്ള പ്രതിപക്ഷ പാര്‍ടികളുടെ പ്രതിഷേധ മാര്‍ച്ചുകൾ ദില്ലിയിൽ നടന്നു. പ്രതീകാത്മക ശവമഞ്ചവുമായായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ഇടതുപക്ഷ പാര്‍ടികൾ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി. കള്ളപ്പണത്തിനെതിരെയുള്ള പോരാ‍ട്ടത്തിൽ ഒപ്പം നിന്ന രാജ്യത്തെ ജനങ്ങൾക്കുമുന്നിൽ തലകുനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
 
പഴയ നോട്ടുകൾ മാറ്റിയെടുക്കുന്നതിനിടയിൽ മരിച്ചവരുടെ പ്രതീകാത്മാക ശവമഞ്ചമൊരുക്കിയായിരുന്നു പാര്‍ലമെന്‍റിനരികിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്. കൊൽക്കത്തയിൽ തൃണമൂൽ കോണ്‍ഗ്രസും ലക്നൗവിൽ സമാജ്‍വാദി പാര്‍ട്ടിയും ബി.എസ്.പിയും പ്രതിഷേധ മാര്‍ച്ചുകൾ നടത്തി. ഇടതുപക്ഷ പാര്‍ട്ടികൾ സംയുക്തമായി നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിന് സി.പി.എം പി.ബി അംഗം ബൃന്ദാകാരാട്ട് നേതൃത്വം നൽകി.

നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ച് പ്രതിഷേധിക്കുമ്പോൾ കള്ളപ്പണത്തിനെതിരെ ബി.ജെ.പിയുടെ മാര്‍ച്ചും ദില്ലിയിൽ നടന്നു. കള്ളപ്പണത്തിനെതിരെയുള്ള പോരാ‍ട്ടത്തിൽ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങൾക്കുമുമ്പിൽ തലകുനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നോട്ട് നിരോധനത്തിന്‍റെ നേട്ടങ്ങൾ വിവരിക്കുന്ന ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. അതേസമയം നോട്ട് ദുരന്തം രാജ്യത്തിന് വലിയ ദുരന്തമായി മാറിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു.

click me!