ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ്ജ്; ഉപഭോക്താക്കളെ കൊള്ളയടിച്ച് സ്വകാര്യ ബാങ്കുകള്‍

By Web DeskFirst Published Mar 2, 2017, 5:56 AM IST
Highlights

ബാങ്കിന്റെ ബ്രാഞ്ചിലെത്തി ഒരു മാസം നാലില്‍ കൂടുതല്‍ തവണ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ പണം പിന്‍വലിക്കുകയോ ചെയ്താല്‍ ഇനി മുതല്‍ കുറഞ്ഞത് 150 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം പുതിയ തീരുമാനം മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വന്നു. ഇതനുസരിച്ച് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണമിടാനുള്ള പ്രതിദിന പരിധി 25,000 രൂപയാക്കി ചുരുക്കിയിട്ടുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കിലും ഇനി മുതല്‍ ആദ്യ നാല് പണമിടപാടുകള്‍ മാത്രമാണ് സൗജന്യം. ഇതിനുശേഷമുള്ള ഓരോ ഇടപാടിനും 100 രൂപയ്‌ക്ക് അഞ്ച് ശതമാനം എന്ന നിരക്കില്‍ കുറഞ്ഞത് 150 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. ഒപ്പം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണമിടാനുള്ള പരിധി 50,000 രൂപയായും പുനര്‍നിര്‍ണയിച്ചു.

ആക്‌സിസ് ബാങ്ക് പത്ത് ലക്ഷം രൂപയുടെ നിക്ഷേപത്തിനും ആദ്യത്തെ അഞ്ച് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ ചുമത്തും. ബ്രാഞ്ചുകളിലേക്ക് ഉപഭോക്താക്കളെ എത്തിക്കാതെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്വകാര്യ ബാങ്കുകളുടെ നടപടി. മറ്റ് ബാങ്കുകളും സമാനപാത സ്വീകരിച്ചേക്കുമോ എന്ന് വ്യക്തമല്ല. അഞ്ചില്‍ കൂടുതലുള്ള എ.ടി.എം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് നിലനില്‍ക്കുമ്പോള്‍ ബാങ്കില്‍ കൂടിയുള്ള ഇടപാടുകള്‍ക്കും അധിക ചാര്‍ജ് ചുമത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

click me!