
ദില്ലി:കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ വാര്‍ഷിക പ്രകടന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്തു വച്ചു. ബിഎസ്എന്‍എല്‍, എയര്‍ ഇന്ത്യ, എംടിഎന്‍എല്‍ എന്നിവ 2016 -17 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മോശം പ്രകടനമാണ് കഴ്ചവച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ ഓയില്‍, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി), കോള്‍ ഇന്ത്യ എന്നിവ നല്ല പ്രകടനത്തിലൂടെ ലാഭം കൊയ്തു. ലാഭം കൊയ്ത ആദ്യ പത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ ആകെ ലാഭത്തിന്‍റെ 19.69% ഇന്ത്യന്‍ ഓയിലും, 18.45% ഒഎന്‍ജിസിയും 14.94% കോള്‍ ഇന്ത്യയും സ്വന്തമാക്കി.
2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ആദ്യ പത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ ആകെ നഷ്ടത്തിന്‍റെ 55.66 ശതമാനവും ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും എയര്‍ ഇന്ത്യയുടെയും പേരിലാണ്. ഇതോടെ ഇവയുടെ ബാധ്യതകള്‍ വലിയതോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. നഷ്ട മര്‍ജിനില്‍ തുടരുന്നത് എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയെ ദോഷകരമായി ബാധിച്ചേക്കും
എയര്‍ ഇന്ത്യയെ നാല് കമ്പനികളായി വിഭജിച്ച് ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നയം. നഷ്ടക്കണക്കുകള്‍ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് പോകുന്നത് വിഭജന നടപടികള്‍ വേഗത്തിലാക്കാന്‍ വ്യോമയാന മന്ത്രാലയത്തെ പ്രേരിപ്പിക്കുമെന്നുറപ്പാണ്. ഹിന്ദുസ്ഥാന്‍ പ്രെട്രോളിയം കോര്‍പ്പറേഷന്‍, മംഗലാപുരം റിഫൈനറി എന്നിവയാണ് ലാഭക്കണക്കുകളില്‍ ഇടംപിടിച്ച മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍. വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്, എയര്‍ ഇന്ത്യ എഞ്ചിനിയറിംഗ് തുടങ്ങിയവ നഷ്ട സൂചികളിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
മുന്‍ വര്‍ഷത്തെ ആപേക്ഷിച്ച് 2016-17 വര്‍ഷത്തില്‍ പ്രവര്‍ത്തനത്തിലുളള കേന്ദ്രസര്‍ക്കാരിന്‍റെ 257 പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുളള ആകെ ലാഭ വിഹിതം 11.7 ശതമാനമായി വര്‍ദ്ധിച്ചു. ഇത് ലാഭത്തിലുളള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനാ നടപടികളെ ഗുണകരമായി സ്വാധീനിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.