കണ്ണൂര്‍ വിമാനത്താവളത്തിലേക്കുളള റെയില്‍പാത പദ്ധതി അനിശ്ചിതത്വത്തില്‍

By Web TeamFirst Published Dec 1, 2018, 1:00 AM IST
Highlights

പാത യാഥാർത്ഥ്യമായാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കപ്പെടുന്നതിനൊപ്പം വിമാന യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് പ്രതീക്ഷ. 

കൊച്ചി: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ പറന്നുയരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിമാനത്താവളത്തിലേക്കുള്ള റെയിൽപാതയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. യാത്രക്കാർക്കും എയർപോർട്ടിൽ നിന്നുള്ള ചരക്ക് നീക്കത്തിനും ഏറെ സൗകര്യ പ്രദമാകുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാരിന്‍റെ അനാസ്ഥ മൂലം പ്രഖ്യാപനത്തിൽ ഒതുങ്ങിക്കിടക്കുന്നത്. 

കണ്ണൂർ-മട്ടന്നൂർ റെയിൽപാത എന്ന കേരളത്തിന്‍റെ ആവശ്യത്തിന് എട്ട് വർഷം പഴക്കമുണ്ട്. 2011-12 റെയിൽവേ ബജറ്റിൽ നി‍ർദ്ദേശിച്ച പാതക്ക് 2013ലെ ബജറ്റിലാണ് സർവേ നടത്താൻ അനുമതി നൽകിയത്. സംസ്ഥാന സർക്കാരിന്‍റെ കൂടി സഹകരണത്തോടെ പാത നിർമ്മിക്കാനായിരുന്നു പദ്ധതി. തുടർന്ന്, പാതയുടെ സാധ്യതാ പഠനത്തിന് വേണ്ടി ചെന്നൈയിൽ നിന്നുള്ള റെയിൽവേ ഡ്രോയിങ് വിഭാഗം പ്രാഥമിക സർവേ നടത്തി. 
കണ്ണൂർ സൗത്തിൽ നിന്നും എളയാവൂർ, കൂടാളി, ചാലോട് വഴി 25 കിലോ മീറ്റർ പാത നിർമ്മിച്ചാൽ ഭൂമി ഏറ്റെടുക്കൽ എളുപ്പമാകുമെന്ന് റിപ്പോർട്ടും സമർപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ 2016ലെ റെയിൽ ബജറ്റിൽ 400 കോടി രൂപ അനുവദിച്ചിരുന്നു.

പാത യാഥാർത്ഥ്യമായാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കപ്പെടുന്നതിനൊപ്പം വിമാന യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് പ്രതീക്ഷ. അഴീക്കൽ തുറമുഖ റെയിൽപാതയെ എയർപോർട്ടിലേക്കുള്ള പാതയുമായി ബന്ധിപ്പിച്ചാൽ മലബാറിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിനൊപ്പം കണ്ണൂരില്‍ ചരക്ക് വിമാനങ്ങൾക്കുള്ള സാധ്യതയും ഏറും.

click me!