റെയില്‍വെ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി എടുക്കാനും പ്രത്യേകം സ്ഥലം

By Web DeskFirst Published Mar 11, 2018, 6:44 PM IST
Highlights

സ്റ്റേഷനുകള്‍ക്ക് സമീപത്തുള്ള റെയില്‍വേ ഭൂമിയില്‍ സ്വകാര്യ വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കും.

ദില്ലി: ട്രെയിനിന് മുന്നില്‍ നിന്ന് സാഹസികമായി സെല്‍ഫി എടുത്ത് അപകടത്തില്‍ പെടുന്നവരുടെ വാര്‍ത്തകള്‍ ഇപ്പോള്‍ പതിവാണ്. ഈ പ്രശ്നത്തിന് കൂടി പരിഹാരം കണ്ടെത്തുന്ന തരത്തിലാണ് റെയില്‍വേയുടെ പുതിയ വികസന പദ്ധതി. രാജ്യത്തെ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ 2018 ഡിസംബറിന് മുന്നില്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന നവീകരണ പദ്ധതിയില്‍ എസ്‍കലേറ്റ്റുകളും ലിഫ്റ്റുകളും മാത്രമല്ല സെല്‍ഫ് പോയിന്റുകളും മീറ്റിങ് പോയിന്റുകളും വരെ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വെ സ്റ്റേഷന്‍ വികസന കോര്‍പറേഷന്‍ (ഐ.ആര്‍.എസ്.ഡി.സി) നിലവില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 600 സ്റ്റേഷനുകളുടെ നവീകരണ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിന് പുറമെയാണ് മറ്റ് 70 സ്റ്റേഷനുകള്‍ കൂടി ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ തീരുമാനമെടുത്തത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും യാത്രക്കാര്‍ക്ക് വാഹനങ്ങളില്‍ കയറാനും ഇറങ്ങാനുമുള്ള വിപുലമായ സൗകര്യം, മാലിന്യ ശേഖരണ-സംസ്കരണ സംവിധാനങ്ങള്‍, എല്ലാ സ്ഥലങ്ങളിലും എല്‍.ഇ.ഡി ലൈറ്റുകള്‍, ചാര്‍ജ്ജിങ് പോയിന്റുകള്‍, സെല്‍ഫി പോയിന്റുകള്‍, മീറ്റിങ് പോയിന്റുകള്‍, മോഡുലാര്‍ കാറ്ററിങ് കിയോസ്കുകള്‍ തുടങ്ങിയവയൊക്കെ സംവിധാനിക്കും.

സ്റ്റേഷനുകള്‍ക്ക് സമീപത്തുള്ള റെയില്‍വേ ഭൂമിയില്‍ സ്വകാര്യ വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കും. 99 വര്‍ഷത്തേക്ക് ഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് നല്‍കുമെന്നും റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

click me!