പെട്രോള്‍, ഡീസല്‍ എന്നിവയെക്കാള്‍ കുറഞ്ഞവിലയില്‍ ഇനി വ്യോമയാന ഇന്ധനം ലഭിക്കും

By Web TeamFirst Published Jan 2, 2019, 2:25 PM IST
Highlights

സബ്സിഡി ഇല്ലാത്ത മണ്ണെണ്ണയെക്കാള്‍ അല്‍പ്പം കൂടുതല്‍ മാത്രമാണിപ്പോള്‍ വ്യോമയാന ഇന്ധനത്തിന്‍റെ നിരക്ക്. ഒരു ലിറ്റര്‍ വ്യോമയാന ഇന്ധനത്തിന് ഇനിമുതല്‍ 58.06 രൂപയാവും നിരക്ക്.

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഇടിവ് നേരിട്ടതോടെ രാജ്യത്തെ വ്യോമയാന ഇന്ധന വിലയും വലിയതോതില്‍ കുറഞ്ഞു. ചൊവ്വാഴ്ച്ച വ്യോമയാന ഇന്ധന നിരക്കില്‍ 14.7 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. ഒരു കിലോലിറ്ററിന് 9,990 രൂപയുടെ കുറവാണുണ്ടായത്. 

സബ്സിഡി ഇല്ലാത്ത മണ്ണെണ്ണയെക്കാള്‍ അല്‍പ്പം കൂടുതല്‍ മാത്രമാണിപ്പോള്‍ വ്യോമയാന ഇന്ധനത്തിന്‍റെ നിരക്ക്. ഒരു ലിറ്റര്‍ വ്യോമയാന ഇന്ധനത്തിന് ഇനിമുതല്‍ 58.06 രൂപയാവും നിരക്ക്. അതായത് പെട്രോളിനെക്കാളും ‍ഡീസലിനെക്കാളും കുറവ്. ഒരു കിലോലിറ്ററിന് 58,060.97 രൂപയായി ഇതോടെ വ്യോമയാന ഇന്ധന നിരക്ക്.

ഒരു ലിറ്റര്‍ പെട്രോളിന് 68.05 ഉം ഡീസലിന് 62.66 രൂപയുമാണ് ചൊവ്വാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയ ഇന്ധന നിരക്ക്. വ്യോമയാന ഇന്ധനത്തിന് ഇത്രയും വില ഒരുമിച്ച് കുറയ്ക്കുന്നത് ഇത് ആദ്യമായാണ്. ഇതോടെ വിമാനയാത്രയ്ക്കുളള ചെലവ് കുറയാനുളള സാഹചര്യമൊരുങ്ങി. സാമ്പത്തിക പ്രശ്നങ്ങളില്‍ മുന്നോട്ട് പോക്ക് പ്രതിസന്ധിയിലായിരിക്കുന്ന വിമാനക്കമ്പനികള്‍ക്ക് ആശ്വാസകരമാണ് ഈ വിലക്കുറവ്. 

തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വ്യോമയാന ഇന്ധന നിരക്ക് രാജ്യത്ത് കുറയുന്നത്. ഡിസംബര്‍ ഒന്നിന് 10.9 ശതമാനം വിലകുറച്ചിരുന്നു.  
 

click me!