സാമ്പത്തിക വര്‍ഷത്തിലെ ആദ്യ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും

By Web DeskFirst Published Apr 5, 2018, 7:37 AM IST
Highlights

ഇന്ധനവില കൂടുന്നത് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇടയാക്കുമോ എന്നാണ് ആര്‍.ബി.ഐയുടെ ആശങ്ക.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പ നയം റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിക്കും. പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാല്‍ പലിശ നിരക്കില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

പണപ്പെരുപ്പം കുറയുന്നത് ആശ്വാസമാണെങ്കിലും തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവാണ് റിസര്‍വ് ബാങ്കിനെ പ്രതിസന്ധിയിലാക്കുന്നത്. ഇന്ധനവില കൂടുന്നത് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇടയാക്കുമോ എന്നാണ് ആര്‍.ബി.ഐയുടെ ആശങ്ക. ഫെബ്രുവരിയില്‍ ഉപഭോക്തൃ പണപ്പെരുപ്പം 4.44 ശതമാനമായി കുറഞ്ഞിരുന്നു. പക്ഷേ പണപ്പെരുപ്പം സുരക്ഷിത മേഖലയായ നാല് ശതമാനത്തിന് താഴെ എത്താത്തതിനാല്‍ ഇത്തവണയും പലിശ നിരക്കില്‍ ഇളവിന് സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തില്‍. പണപ്പെരുപ്പം കുറയാത്തതിനാല്‍ കഴിഞ്ഞ മൂന്ന് യോഗങ്ങളിലും റിസര്‍വ് ബാങ്ക് പലിശ നിരക്ക് വ്യത്യാസപ്പെടുത്തിയിരുന്നില്ല.

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവില്‍ ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ 5.75 ശതമാനവുമാണ്.
പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ധനനയസമിതി ഇന്നലെയും ഇന്നുമായി യോഗം ചേരുന്നുണ്ട്. സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താനായി പലിശ നിരക്ക് കുറയ്‌ക്കണമെന്ന ആവശ്യമാണ് ഈ യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്‌ക്കുന്നത്. ധനനയ സമിതി യോഗത്തിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്ക് ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പണനയം പ്രഖ്യാപിക്കും.

click me!