Latest Videos

വന്‍തുക വായ്പയെടുത്ത് മുങ്ങിയവരുടെ രണ്ടാംഘട്ട പട്ടികയില്‍ പ്രമുഖ കമ്പനികളും

By Web DeskFirst Published Sep 8, 2017, 1:02 PM IST
Highlights

വന്‍ തുക കിട്ടാക്കടം വരുത്തിയവരുടെ രണ്ടാംഘട്ട പട്ടിക തയ്യാറായെന്ന് റിസര്‍വ് ബാങ്ക്. ഇവരില്‍ നിന്ന് വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 26 കമ്പനികള്‍ പുതിയ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.

രാജ്യത്തെ മൊത്തെ കിട്ടാക്കടത്തിന്റെ 25 ശതമാവും പങ്കുവെയ്ക്കുന്ന കമ്പനികളുടെ പട്ടിക റിസര്‍വ് ബാങ്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതില്‍ പ്രമുഖരായ 12 കമ്പനികളുടെ വായ്പാ കുടിശിഖ തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടികളും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് വന്‍തുക വായ്പയെടുത്ത് മുങ്ങിയവരുടെ രണ്ടാംഘട്ട പട്ടിക റിസര്‍വ് ബാങ്ക് തയ്യാറിക്കിയിരിക്കുന്നത്. ഡിസംബറിന് മുമ്പ് ഈ വായ്പാ കുടിശിഖ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ വിരാല്‍ ആചാര്യ പറഞ്ഞു. വീഡിയോകോണ്‍, ജയപ്രകാശ് അസോസിയേറ്റ്‍സ് തുടങ്ങി ഊര്‍ജ്ജം, ടെലികമ്മ്യൂണിക്കേഷന്‍, സ്റ്റീല്‍ എ്നീ രംഗങ്ങളിലെ പ്രമുഖര്‍ ഈ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.

ഒരു ലക്ഷം കോടി രൂപയാണ് വീഡിയോകോണ്‍ കുടിശിഖ വരുത്തിയിരിക്കുന്നത്. പാപ്പരായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇവരില്‍ നിന്ന് കുടിശിഖ പിരിച്ചെടുക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. കിട്ടാക്കടം, രാജ്യത്തെ സാമ്പത്തികസ്ഥിതി തകിടം മറിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് കര്‍ശന നടപടികളുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്. കഴിഞ്ഞ ജൂണിലെ കണക്ക് അനുസരിച്ച് എട്ട് ലക്ഷം കോടി രൂപയ്ക്ക് അടുത്താണ് വന്‍കിടക്കാര്‍ വരുത്തിയിരിക്കുന്ന കിട്ടാക്കടം. 

click me!