Latest Videos

റിസര്‍വ് ബാങ്ക് നിലപാട് കടുപ്പിക്കുന്നു; ഐഡിബിഐ ബാങ്കിന് മൂന്ന് കോടി പിഴ

By Web DeskFirst Published Apr 12, 2018, 12:08 PM IST
Highlights

തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് കമ്പനികള്‍ 772 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന് ഐ.ഡി.ബി.ഐ ബാങ്ക് രണ്ടാഴ്ച മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

മുംബൈ: പൊതുമേഖല ബാങ്കായ ഐ.ഡി.ബി.ഐ ബാങ്കിന് റിസർവ് ബാങ്ക് മൂന്ന് കോടി രൂപ പിഴ ചുമത്തി. കിട്ടാക്കടം സംബന്ധിച്ച വിവരങ്ങൾ യഥാസമയം റിസര്‍വ് ബാങ്കിന് കൈമാറുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

ബാങ്ക് നല്‍കിയ വായ്പകള്‍ കിട്ടാക്കടമായി മാറിയാല്‍ ചട്ടമനുസരിച്ച് ഇക്കാര്യം റിസര്‍വ് ബാങ്കിനെ അറിയിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ ഐ.ഡി.ബി.ഐ ബാങ്ക് വീഴ്ച വരുത്തിയെന്നാണ് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് മൂന്ന് കോടി രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാല്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തെ ഈ നടപടി ഒരു തരത്തിലും ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 6,186 കോടി രൂപയാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി. ബാങ്ക് നല്‍കിയ വായ്പകളുടെ നാലിലൊന്നാണ് ഈ തുക.  

തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് കമ്പനികള്‍ 772 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന് ഐ.ഡി.ബി.ഐ ബാങ്ക് രണ്ടാഴ്ച മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ട് കമ്പനികള്‍ക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. വായ്പാ തട്ടിപ്പുകള്‍ വ്യാപകമാവുകയും കിട്ടാക്കടം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദുര്‍ബലമാക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ക്കെതിരായ നടപടി കര്‍ശനമാക്കുന്നത്. കിട്ടാക്കടത്തിന്റെ വിവരം വെളിപ്പെടുത്താത്തതിന് നേരത്തെ ആക്സിസ് ബാങ്കിന് മൂന്ന് കോടി രൂപയും യെസ് ബാങ്കിന് ആറ് കോടി രൂപയും റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരുന്നു. 

 

click me!