സൗദി-കുവൈറ്റ് അതിര്‍ത്തിയിലെ എണ്ണപ്പാടങ്ങളില്‍ പെട്രോളിയം ഉല്‍പാദനം പുനരാരംഭിക്കുന്നു

By Web DeskFirst Published Dec 7, 2016, 8:25 AM IST
Highlights

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍  അസീസ് അല്‍ സൗദിന്റെ കുവൈത്ത് സന്ദര്‍ശനത്തോടെ രണ്ടുവര്‍ഷം മുമ്പ് അടച്ചുപൂട്ടിയ എണ്ണപ്പാടങ്ങളിലെ ഉല്‍പാദനം പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഖാഫ്ജി, വാഫ്ര എന്നീ എണ്ണപ്പാടങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാസങ്ങളായി ചര്‍ച്ചയിലായിരുന്നു. കുവൈറ്റ് ഗള്‍ഫ് ഓയില്‍ കമ്പനിയും സൗദി അരാംകോ ഗള്‍ഫ് ഓപ്പറേഷന്‍സും സംയുക്തമായി സഹകരിച്ചായിരുന്നു ഖാഫ്ജി എണ്ണപ്പാടത്തുനിന്ന് പെട്രോളിയം ഉല്‍പാദിപ്പിച്ചിരുന്നത്.ഖാഫ്ജിയില്‍നിന്ന് അസംസ്‌കൃത എണ്ണ ഉല്‍പാദനം പുനരാരംഭിക്കാനുള്ള നടപടികള്‍,  പ്രഖ്യാപനം വന്നാല്‍ ഏറ്റവും അടുത്ത ദിവസം മുതല്‍ തുടര്‍നടപടികള്‍ക്ക് തയാറാകാന്‍ ജീവനക്കാരോട് കുവൈറ്റ് ഗള്‍ഫ് ഓയില്‍ കമ്പനി അറിയിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. 

2014 ഒക്ടോബറിലാണ് ഖാഫ്ജിയില്‍നിന്നുള്ള എണ്ണയുല്‍പാദനം നിറുത്തിയത്. ഈ പദ്ധതിയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൗദി ഉയര്‍ത്തിയെങ്കിലും എണ്ണവില കുത്തനെ കുറഞ്ഞത് ആഗോളതലത്തില്‍ എണ്ണയുല്‍പാദകരെ സമ്മര്‍ദത്തിലാക്കി. ഖാഫ്ജി എണ്ണയുല്‍പാദന കേന്ദ്രത്തില്‍ പ്രതിദിനം മൂന്നുലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയായിരുന്നു ഉല്‍പാദിപ്പിച്ചിരുന്നത്. ഇതില്‍നിന്നുള്ള വരുമാനം സൗദിയും കുവൈറ്റും തുല്യമായി പങ്കുവച്ചിരുന്നെങ്കിലും ഉല്‍പാദനം നിറുത്തിയത് കുവൈറ്റിനെ സാരമായി ബാധിച്ചിരുന്നു. 

സൗദി അറേബ്യന്‍ ചെവ്‌റോണുമായി സഹകരിച്ച് പ്രതിദിനം രണ്ടുലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം നടത്തിയിരുന്ന വാഫ്ര എണ്ണപ്പാടത്തെ ഉല്‍പാദനവും രണ്ടു മാസങ്ങള്‍ക്കുശേഷം നിറുത്തിവച്ചിരുന്നു. ബഹ്‌റിനില്‍ നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുത്തശേഷം വ്യാഴാഴ്ചയാണ് സൗദി രാജാവ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തുന്നത്.

click me!