വിപണി മൂല്യത്തില്‍ എസ്.ബി.ഐയെ കടത്തിവെട്ടി കോട്ടക് മഹീന്ദ്ര ബാങ്ക്

By Web DeskFirst Published Apr 17, 2018, 2:18 PM IST
Highlights
  • എസ്.ബി.ഐയുടെ ഓഹരികള്‍ 15 ശതമാനം ഇടഞ്ഞിരുന്നു
  • കോട്ടക് മഹീന്ദ്രയുടെ വിപണിമൂല്യം 2.23 ലക്ഷം കോടി രൂപയായി ഉയര്‍ന്നു
  • വിപണി മൂല്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനം കോട്ടക് മഹീന്ദ്ര ബാങ്കിനാണ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്.ബി.ഐ) വിപണി മൂല്യത്തില്‍ കോട്ടക് മഹീന്ദ്ര ബാങ്ക് കടത്തിവെട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് എസ്.ബി.ഐയുടെ ഓഹരികള്‍ 15 ശതമാനം ഇടഞ്ഞിരുന്നു. ഇതേസമയം കോട്ടക് മഹീന്ദ്ര ബാങ്കിന്‍റെ ഓഹരികള്‍ 33 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.

കിട്ടാക്കടത്തിലുണ്ടായ വര്‍ധനവ്, കോര്‍പ്പറേറ്റ് വായ്പാ തിരിച്ചടവില്‍ വര്‍ധിച്ചുവരുന്ന വീഴ്ച്ചകള്‍, വായ്പകളുടെ വെട്ടിച്ചുരുക്കല്‍ മുതലായവയാണ് എസ്.ബി.ഐയ്ക്ക് വിനയായത്. തിങ്കളാഴ്ച്ച കോട്ടക് മഹീന്ദ്രയുടെ വിപണിമൂല്യം 2.23 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. എസ്.ബി.ഐയുടെ വിപണിമൂല്യം 2.22 ലക്ഷം കോടിയില്‍ തുടരുകയാണ്. ഇതോടെ വിപണി മൂല്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനം കോട്ടക് മഹീന്ദ്ര ബാങ്കിന് ലഭിച്ചു. 

രാജ്യത്തെ ഏറ്റവും വിപണിമൂല്യമുളള ബാങ്ക് എച്ച്.ഡി.എഫ്.സിയാണ്. എച്ച്.ഡി.എഫ്.സിയുടെ വിപണി മൂല്യം 5.03 ലക്ഷം കോടി രൂപയാണ്. ഈ അടുത്ത കാലത്തായി രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നിഷ്ക്രിയ ആസ്തിയുടെയും ഇക്വിറ്റി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങളിലും ഏറെ സമ്മര്‍ദ്ദത്തിലാണ്. ആക്സിസ് ബാങ്കിനെ കോട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ നടന്നുവരുന്നതായാണ് ഈ രംഗത്ത് നിന്നുളള വാര്‍ത്തകള്‍.  

click me!