
ദില്ലി: നോട്ട് നിരോധനം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 14 ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തും, അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഒരു അവസരം കൂടി ആവശ്യപ്പെട്ടുമാണ് ഹര്‍ജികളില്‍ അധികവും.
നോട്ടുകള്‍ മാറ്റാന്‍ കൂടുതല്‍ സമയ ആവശ്യപ്പെടുന്ന കാര്യത്തില്‍ കോടതിയുടെ തീരുമാനം വൈകിയാല്‍ നോട്ടുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന ആശങ്കയും ഹര്‍ജിക്കാര്‍ പങ്കുവെച്ചു. ഇക്കാര്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് ആരാഞ്ഞു. തുടര്‍ന്ന് ഹര്‍ജിയില്‍ പ്രതിപാദിച്ച തുകകളുടെ പേരില്‍ നടപടിയുണ്ടാവില്ലെന്ന് സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഉറപ്പു നല്‍കി. നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി നേരത്തേ തന്നെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.
പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അവരുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് നശിച്ച് പോകരുതെന്നും ന്യായമായ കാരണങ്ങളുള്ളവര്‍ക്ക് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു അന്ന് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഒരു അവസരം കൂടി നല്‍കിയാല്‍ നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യമായ കള്ളപ്പണം തടയല്‍ അസാധ്യമാകുമെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള മറ്റ് കേസുകളും ഭരണഘടനാ ബെഞ്ചിന് വിട്ടതോടെ കേസുകളിലെ തീരുമാനവും വൈകാനാണ് സാധ്യത.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.