ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഒപ്പിന് പ്രധാനമന്ത്രിയുടെ ഒപ്പിനെക്കാള്‍ വിലയുണ്ടെന്ന് മോദി

By Web DeskFirst Published Jul 1, 2017, 10:23 PM IST
Highlights

നികുതി വെട്ടിപ്പ് നടത്തുന്ന മൂന്ന് ലക്ഷത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്ന് ജി.എസ്.ടിയുടെ ഒന്നാംദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുടെ ഒപ്പിന് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഒപ്പിനെക്കാള്‍  പ്രധാന്യമുണ്ടെന്നും മോദി പറഞ്ഞു. അതേസമയം ജി.എസ്.ടിയുടെ ആദ്യദിനത്തില്‍ ഉത്തരേന്ത്യന്‍ വിപണികളില്‍ വലിയ പ്രതിഷേധമാണ് കണ്ടത്.

ഒറ്റനികുതി സംവിധാനമായ ജി.എസ്.ടി നിലവില്‍ വന്നതിന്റെ ആദ്യദിവസം വിപണികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ കുറച്ചുദിവസത്തിനകം സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജി.എസ്.ടി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി പറഞ്ഞു. ജി.എസ്.ടി പുതിയ തുടക്കമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, നികുതി വെട്ടിപ്പുകാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ മൂന്ന് ലക്ഷത്തിലധികം രജിസ്‍ട്രേഡ് സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നും ദില്ലിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മോദി പറഞ്ഞു. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഒപ്പിന് പ്രധാനമന്ത്രിയുടെ ഒപ്പിനെക്കാള്‍ പ്രധാന്യമുണ്ടെന്നും മോദി പറഞ്ഞു.

അതേസമയം സമയം പ്രതീക്ഷിച്ച രീതിയിലല്ല ജി.എസ്.ടി പ്രഖ്യാപിച്ചതെന്ന് മുന്‍ ധനമന്ത്രി പി.ചിദബംരം പ്രതികരിച്ചു. ഇത് പണപ്പെരുപ്പത്തിന് വഴിയൊരുക്കും. മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി പ്രഖ്യാപിച്ചതിനെതിരെയ ദില്ലി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപാരികളുടെ പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്.

click me!