മൈക്രോഫിനാൻസ് കടക്കെണിയിൽ കുടുങ്ങി ആത്മഹത്യകൾ കൂടുന്നു

By Web deskFirst Published May 5, 2018, 10:43 AM IST
Highlights
  • അടവുതുകയ്ക്കായി മൈക്രോഫിനാന്‍സുകാര്‍ രാത്രി വൈകിയും വീടിന് കാവലിരുന്നതോടെ പണം കണ്ടെത്താന്‍ കഴിയാതെ വന്ന കൃഷ്ണന്‍കുട്ടി വീടിന് സമീപത്തെ മാവില്‍ തൂങ്ങിമരിച്ചത് ഏപ്രില്‍ നാലിനാണ്

പാലക്കാട്: മൈക്രോഫിനാന്‍സ് കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. പാലക്കാട് ആലത്തൂരിനടുത്തുള്ള നെല്ലിക്കൽക്കാട് ​ഗ്രാമത്തിലാണ് മൈക്രോഫിനാന്‍സ് കമ്പനികളില്‍ നിന്നും ലോണെടുത്ത് കടക്കെണിയിൽപെട്ടവർ തുടർച്ചയായി ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ അടിച്ചേല്‍പ്പിക്കുന്ന ലോണുകളുണ്ടാക്കിയ ബാധ്യത ആണ് ഇവരുടെയെല്ലാം ജീവനെടുത്തത്. 

ഡിസംബറില്‍ വെമ്പല്ലൂര്‍ അരിയക്കോട് മുപ്പത്തിമൂന്നുകാരിയായ വീട്ടമ്മ, പത്തും ഏഴും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുമായി കുളത്തില്‍ ചാടി മരിച്ചു. ജനുവരിയില്‍ മഞ്ഞളൂര്‍ നെല്ലിക്കല്‍ക്കാട്ട് മറ്റൊരു വീട്ടമ്മ തൂങ്ങിമരിച്ചു, അടുത്ത ദിവസത്തേക്ക്  മൈക്രോഫിനാന്‍സ് തിരിച്ചടവിനുള്ള തുക കണ്ടെത്താന്‍ കഴിയാതായിരുന്നു കാരണം.  

അടവുതുകയ്ക്കായി മൈക്രോഫിനാന്‍സുകാര്‍ രാത്രി വൈകിയും വീടിന് കാവലിരുന്നതോടെ പണം കണ്ടെത്താന്‍ കഴിയാതെ വന്ന കൃഷ്ണന്‍കുട്ടി വീടിന് സമീപത്തെ മാവില്‍ തൂങ്ങിമരിച്ചത് ഏപ്രില്‍ നാലിനാണ്. ഭാര്യ ചന്ദ്രിക 8 മൈക്രോഫിനാന്‍സ് കമ്പനികളില്‍ നിന്നായി എടുത്ത 8 ലക്ഷവും, അയല്‍വാസികളായ സ്ത്രീകള്‍ വഴി എടുത്ത ലോണുകളും തിരിച്ചടക്കാനാവാതെ വന്നതോടെയാണ്  നെല്ലിക്കല്‍ക്കാട് സ്വദേശി ചന്ദ്രന്‍ ആത്മഹത്യയില്‍ അഭയം തേടിയത്.

അടുത്തടുത്ത വീടുകളിലായി ആറ് പേര്‍ മരിച്ചപ്പോള്‍, ഈ ഗ്രാമമാകെ ഭീതിയിലാണ്. കാരണം, മൈക്രോഫിനാന്‍സ് കമ്പനികളില്‍ നിന്ന് പണം വായ്പയെടുക്കാത്തവരായി ഇവിടെ ആരും ബാക്കിയില്ല. പത്തുപേരുള്ള സ്ത്രീകളുടെ സംഘത്തിന്, ഒരുലക്ഷംരൂപയുടെ വായ്പയാണ് ആദ്യം നല്‍കും. ഇത് വീതിക്കും. 80 ശതമാനം തിരിച്ചടച്ചാൽ ഇതേ സംഘത്തിന് മറ്റൊരു രണ്ട് ലക്ഷം നല്‍കും. ഇങ്ങനെ 10,000  രൂപയിൽ തുടങ്ങുന്ന ബാധ്യത പതിയെ ലക്ഷങ്ങളാകും. 25000,50000,75000 എന്നിങ്ങനെ രണ്ടും മൂന്നും ഘട്ടങ്ങളിലായി കൂടുതൽ തുക ബാങ്കുകൾ വനിതകൾ നൽകും.

ആലത്തൂര്‍ പരിസരത്തു മാത്രം പത്ത് സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. അതേസമയം ആർബിഐ ചട്ടങ്ങള്‍ അനുസരിച്ച് മാത്രമാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഭീഷണിപ്പെടുത്തി തുക വാങ്ങാറില്ലെന്നുമാണ് കമ്പനി പ്രതിനിധികള്‍ പ്രതികരിച്ചത്. കടക്കെണിയില്‍പ്പെട്ടുള്ള ആത്മഹത്യകളില്‍ മൈക്രോഫിനാന്‍സ് കമ്പനികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പാലക്കാട് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആലത്തൂരിലെ നെല്ലിക്കൽക്കാട് നിന്നുള്ള ഇൗ ആത്മഹത്യകൾ ഒരു ഒറ്റപ്പെട്ട കഥയല്ല. കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കിൽ  മൈക്രോഫിനാൻസ് കമ്പനികൾ പിടി മുറുക്കിയിട്ടുള്ള മറ്റ് പല ഗ്രാമങ്ങളിലും ഇത് ആവര്‍ത്തിക്കും എന്ന ഭയം ശക്തമാണ്. 

click me!