കിംഗ്ഫിഷര്‍ ഹൗസ് ആര്‍ക്കും വേണ്ട; ലേലം മൂന്നാം തവണയും മാറ്റി

By Web DeskFirst Published Dec 19, 2016, 4:20 PM IST
Highlights

മുംബൈ: വായ്പ തിരച്ചടക്കാതെ വിദേശത്തേക്ക് കടന്ന വ്യവസായി വിജയ് മല്യയുടെ മുംബൈയിലെ കിങ് ഫിഷര്‍ ഹൌസിന്റെ ലേലം വാങ്ങാന്‍ ആളില്ലാത്തതിനാല്‍ മൂന്നാം തവണയും മുടങ്ങി. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാന കെട്ടിടം 115 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചാണ് ലേലത്തിന് വച്ചത്.

എന്നാല്‍ നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ 15 ശതമാനം വിലകുറച്ചിട്ടും ആരും ലേലം കൊള്ളാന്‍ എത്തിയില്ല. 150 കോടിക്ക് ഈ വര്‍ഷം മാര്‍ച്ചിലും, ഇതിന്റെ 10 ശതമാനം വിലകുറച്ച്  135 കോടി രൂപ വില നിശ്ചയിച്ച് രണ്ടാമതും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലേലത്തിന് ശ്രമിച്ചിരുന്നെങ്കിലും വില്‍പന നടന്നിരുന്നില്ല.

മല്യയുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ കിങ് ഫിഷര്‍ വില്ല ഈ മാസം ഇരുപത്തിരണ്ടിന് വീണ്ടും ലേലത്തില്‍ വച്ചിട്ടുണ്ട്. 81 കോടി രൂപയാണ് കിംഗ് ഫിഷര്‍ വില്ലയുടെ അടിസ്ഥാന ലേലത്തുക. ഒക്ടോബര്‍ 19ന് ആദ്യം ലേലത്തിന് വെച്ചപ്പോള്‍ 85.29 കോടി രൂപയ്ക്കാണ് കിംഗ് ഫിഷര്‍ വില്ലയുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.

കിംഗ് ഫിഷര്‍ ബ്രാന്‍ഡുകളും ട്രേഡ് മാര്‍ക്കുകളും 366.70 കോടി രൂപയ്ക്ക് ലേലത്തിനു വെച്ചെങ്കിലും ആരും വാങ്ങിയില്ല. റിസര്‍വ് ബാങ്ക് ഇപ്പോള്‍ അടിസ്ഥാന തുക 330 കോടിയായി കുറച്ചിട്ടുണ്ട്. എസ്ബിഐ, ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് ഐഡിബിഐ എന്നിവടയക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വായ്പാ ഇനത്തില്‍ നല്‍കാനുള്ള 9000 കോടി രൂപയും പലിശയും തിരിച്ചടക്കാതെയാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്.

 

click me!