അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ട, പിഴയും കൊടുക്കേണ്ട-ഇതാണ് മാര്‍ഗ്ഗം

By Web DeskFirst Published Jan 11, 2018, 1:02 PM IST
Highlights

ദില്ലി: മിനിമം ബാലന്‍സിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് അടുത്തിടെ പുറത്തുവന്നത്. പ്രതിമാസ ശരാശരി ബാലന്‍സ് തുക അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന് ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1771 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കിയത്. ഇതേ കാലയളവില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് 97.34 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 68.67 കോടിയും പിഴ ഈടാക്കി. എന്നാല്‍ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനുള്ള പിഴയില്‍ നിന്ന് രക്ഷപെടാന്‍ അവസരങ്ങളുണ്ട്.

സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ പല ബാങ്കുകളും നല്‍കുന്നുണ്ട്. സാധാരണയായി മിക്ക സാലറി അക്കൗണ്ടുകളും മിനിമം ബാലന്‍സ് ആവശ്യമില്ലാത്തതാണ്. അക്കൗണ്ടിലെ പണം മുഴുവന്‍ ഒറ്റയടിക്ക് പിന്‍വലിച്ചാലും നിങ്ങളില്‍ നിന്ന് പിഴയീടാക്കില്ല. ഇനി ശമ്പളം വാങ്ങുന്നവര്‍ അല്ലെങ്കിലും എസ്.ബി.ഐയില്‍ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത മറ്റ് അക്കൗണ്ടുകളുമുണ്ട്. 

എസ്.ബി.ഐയുടെ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണ്ട. 18 വയസ് പ്രായമുള്ള  ആര്‍ക്കും അക്കൗണ്ട് തുടങ്ങാം. നിലവില്‍ മറ്റ് അക്കൗണ്ടുകളുള്ളവര്‍ക്ക് ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറുകയും ചെയ്യാം. സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന അതേപലിശ തന്നെ ലഭിക്കും. റൂപേ എടിഎം കാര്‍ഡും ഇന്റര്‍നെറ്റ് ബാങ്കിങ്ങും സൗജന്യമാണ്. ബി.എസ്.ബി.ഡി അക്കൗണ്ടുള്ളവര്‍ക്ക് മറ്റ് സേവിങ്സ് അക്കൗണ്ടുകള്‍ പാടില്ല. ബി.എസ്.ബി.ഡി അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ ഒരു മാസത്തിനകം മറ്റ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണം. എന്നാല്‍ ഒരു മാസം നാല് തവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കൂ. എടിഎമ്മിലൂടെയുള്ള പിന്‍വലിക്കല്‍ ഉള്‍പ്പെടെയാണിത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പ്രത്യേക ചാര്‍ജ്ജുകളൊന്നുമില്ല.

കേരളത്തില്‍ അധികം ശാഖകളില്ലാത്ത ഐ.ഡി.എഫ്.സി ബാങ്കിന് മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ടുകളുണ്ട്. ഇതില്‍ നിന്ന് 10 തവണ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയും. ചെറിയ ചാര്‍ജ് നല്‍കിയാല്‍ വിസ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡും നല്‍കും. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊബൈല്‍ ആപ് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാനാവും. കൊട്ടക് 811 എന്ന് പേരിട്ടിരിക്കുന്ന അക്കൗണ്ടിലെ സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് ആറ് ശതമാനം വരെ പലിശ ലഭിക്കും. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയും മറ്റ് പ്രാഥമിക വിവരങ്ങളും ആപില്‍ നല്‍കിയാല്‍ അക്കൗണ്ട് തുടങ്ങാം. മൊബൈല്‍ ബാങ്കിങ് പിന്‍ നമ്പര്‍ ഉപയോഗിച്ച് ഉടന്‍ തന്നെ അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങുകയും ചെയ്യാം. 

എച്ച്ഡിഎഫ്‍സി ബാങ്കിന് ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് എന്ന പേരില്‍ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ടുണ്ട്. സൗജന്യമായി രൂപേ എടിഎം കാര്‍ഡ് ലഭിക്കും. ചെക്ക് വഴിയും നേരിട്ടും എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാമെങ്കിലും സൗജന്യമായി ഒരു മാസത്തില്‍ നാല് തവണ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.

click me!