സാധ്യതകളെ പ്രയോജനപ്പെടുത്താതെ മലബാറിലെ വിനോദ സഞ്ചാര മേഖല

By Web TeamFirst Published Jan 13, 2019, 1:53 PM IST
Highlights

നടപ്പിലായ പദ്ധതികളില്‍ തന്നെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളൊരുക്കാൻ പലപ്പോഴും ആരും തയ്യാറാവുന്നില്ല. കണ്ണൂരിലെ പയ്യാമ്പലം ബീച്ച്, പൈതല്‍മല, പാലക്കയം തട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക്   അര്‍ഹിക്കുന്ന വിധത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതുവരെ ആയിട്ടില്ല.

കണ്ണൂര്‍:വിനോദ സഞ്ചാര മേഖലയില്‍ ഏറെ സാധ്യതകളുള്ള മലബാറിലെ പ്രതിസന്ധി കൃത്യമായ രീതിയില്‍ സാധ്യതകളെ പ്രയോജനപ്പെടുത്താത്തതാണ്. കണ്ണൂരില്‍ വിമാനത്താവളം കൂടി യാഥാര്‍ത്ഥ്യമായതോടെ ടൂറിസം മേഖലയില്‍ നിരവധി സാധ്യതകളാണുള്ളത്. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ ടൂറിസം പദ്ധതികള്‍ ഇപ്പോഴും കടലാസിലാണുള്ളത്. നടപ്പിലായ പദ്ധതികളില്‍ തന്നെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളൊരുക്കാൻ പലപ്പോഴും അധികൃതര്‍ തയ്യാറാവുന്നില്ല. കണ്ണൂരിലെ പയ്യാമ്പലം ബീച്ച്, പൈതല്‍മല, പാലക്കയം തട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക്   അര്‍ഹിക്കുന്ന വിധത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതുവരെ ആയിട്ടില്ല.

അടിക്കടി നടത്തുന്ന ഹര്‍ത്താലുകളും,രാഷ്ട്രീയ സംഘര്‍ഷങ്ങളം കണ്ണൂരിന് വിനോദ സഞ്ചാരമേഖലയില്‍ ഉണ്ടാക്കിയിട്ടുള്ള നഷ്ടവും ചീത്തപേരും ചെറുതല്ല. മലപ്പുറത്തും സ്ഥിതി വ്യത്യസ്ഥമല്ല. പ്രധാന വിനോദ സ‌ഞ്ചാര കേന്ദ്രമായ നിലമ്പൂരില്‍
കനോലി പ്ലോട്ടും തേക്ക് മ്യൂസിയവും ഉണ്ടായിട്ടും സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ നിലമ്പൂരിന് ഇനിയും ഇടം കിട്ടിയിട്ടില്ല. അസൗകര്യങ്ങളും പരിമിതികളും തന്നെയാണ് കോഴിക്കോടിന്‍റെ വിനോദസഞ്ചാര മേഖലയും തകര്‍ത്തത്. ചരിത്ര പ്രസദ്ധങ്ങളായതടക്കം നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള കോഴിക്കോടിന് അതിനനുസരിച്ചുള്ള ഒരു കുതിച്ചുചാട്ടം ടൂറിസം മേഖലയില്‍ ഉണ്ടാക്കാനായില്ല.

അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്ന മലയോര മേഖലയായ കോടഞ്ചേരിയില്‍, ചാമ്പ്യൻഷിപ്പ് ആറ് സീസൺ പിന്നിട്ടിട്ടും കയാക്കിംഗ് അക്കാദമി തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ല. തുഷാരഗിരി കേന്ദ്രമാക്കി വയനാട് ചുരം , ആനക്കാംപൊയിൽ, കക്കാടംപൊയിൽ, തിരുവമ്പാടി മേഖലകൾ ഉൾപ്പെടുത്തി സാഹസിക ടൂറിസത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ രൂപരേഖ സംസ്ഥാന സർക്കാരിൽ സമർപ്പിച്ചിരുന്നെങ്കിലും അത് കടലാസില്‍ മാത്രം ഒതുങ്ങി. ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പെരുവണ്ണാമൂഴി ഡാം കേന്ദ്രീകരിച്ചുള്ള ടൂറിസം അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിനാല്‍ നശിച്ചു. ഹൈഡൽ ടൂറിസത്തിന് മികച്ച മാതൃകയായ കക്കയം ഡാമിലേക്കാണെങ്കില്‍ പ്രളയശേഷം തകർന്ന റോഡുകൾ പൂർണ്ണമായി സഞ്ചാരയോഗ്യമാക്കാത്തതിനാല്‍ വിനോദസഞ്ചാരികൾക്ക് എത്തിപെടാൻ തന്നെ പ്രയാസവുമാണ്.
 

click me!