വെനസ്വേലയില്‍ നിന്നുള്ള ഹെവി ക്രൂഡ് ഓയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് റിലയന്‍സിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും.

വെനസ്വേലയില്‍ നിന്ന് നേരിട്ട് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനായി മുകേഷ് അംബാനിയുടെ റിലയന്‍സിന് അമേരിക്ക പ്രത്യേക ലൈസന്‍സ് നല്‍കി. ഇതോടെ അമേരിക്കന്‍ ഉപരോധം ലംഘിക്കാതെ തന്നെ വെനിസ്വേലയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങാന്‍ റിലയന്‍സിന് സാധിക്കും. ഈ മാസമാദ്യം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിന് പിന്നാലെയാണ് ആ രാജ്യത്തിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ അമേരിക്ക ഇളവ് വരുത്തിയത്.

റിലയന്‍സിന് ലഭിക്കുന്ന നേട്ടങ്ങള്‍:

ചെലവ് കുറയും: വെനസ്വേലയില്‍ നിന്നുള്ള ഹെവി ക്രൂഡ് ഓയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് റിലയന്‍സിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും.

നേരിട്ടുള്ള ഇറക്കുമതി: മൂന്നാം കക്ഷികളുടെ സഹായമില്ലാതെ വെനസ്വേലയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാനും ശുദ്ധീകരിക്കാനും വില്‍ക്കാനും റിലയന്‍സിന് സാധിക്കും.

റഷ്യന്‍ എണ്ണയ്ക്ക് പകരക്കാരന്‍: നിലവില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് പകരമായി വെനസ്വേലന്‍ എണ്ണ ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം.

റഷ്യയെ കൈവിടുന്ന ഇന്ത്യ?

ഏപ്രില്‍ മാസത്തിലേക്കുള്ള എണ്ണ ഇടപാടുകളില്‍ നിന്ന് റഷ്യയെ ഒഴിവാക്കി നിര്‍ത്താനാണ് റിലയന്‍സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളുടെ നീക്കം. അമേരിക്കയുമായി പുതിയ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേലുള്ള 25 ശതമാനം തീരുവ ഒഴിവാക്കിയിരുന്നു. ഇതിന് പകരമായി അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയിരുന്നു.

പഴയ ബന്ധം വീണ്ടും

നേരത്തെ വെനസ്വേലയില്‍ നിന്ന് സ്ഥിരമായി എണ്ണ വാങ്ങിയിരുന്ന കമ്പനിയായിരുന്നു റിലയന്‍സ്. എന്നാല്‍ 2025-ന്റെ തുടക്കത്തില്‍ അമേരിക്കന്‍ ഉപരോധം ശക്തമായതോടെ ഇടപാടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനറി സമുച്ചയം പ്രവര്‍ത്തിപ്പിക്കുന്ന റിലയന്‍സിന് പ്രതിദിനം 14 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്. ജനുവരിയിലാണ് എണ്ണ ഇറക്കുമതിക്കായി റിലയന്‍സ് യുഎസിന് അപേക്ഷ നല്‍കിയത്. അമേരിക്കന്‍ ട്രഷറി വിഭാഗത്തിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ ആണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.