ടെലികോം കമ്പനികള്‍ ക്രമാതീതമായി നിരക്ക് കുറച്ചാലും പണി കിട്ടും

By Web DeskFirst Published Feb 17, 2018, 6:05 PM IST
Highlights

ദില്ലി: രാജ്യത്തെ ഏതെങ്കിലും പ്രമുഖ ടെലികോം കമ്പനി, മറ്റ് കമ്പനികളെ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് സേവന നിരക്കുകള്‍ ക്രമാതീതമായി കുറച്ചാല്‍ 50 ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോരിറ്റി അറിയിച്ചു. ഏതെങ്കിലും ഒരു ടെലികോം സര്‍ക്കിളിലെ ആകെ വിപണിയില്‍ 30 ശതമാനത്തിലധികം വിഹിതമുള്ള കമ്പനികള്‍ക്കാണ് ഈ നിയന്ത്രണം ബാധകമാവുന്നത്.

നേരത്തെ റിലയന്‍സ് ജിയോ വന്‍ തോതില്‍ നിരക്ക് കുറച്ചും സൗജന്യമായും സേവനങ്ങള്‍ നല്‍കിയും വിപണി പിടിച്ചടിക്കയതിന് പിന്നാലെയാണ് ഇത്തരമൊരു നിയന്ത്രണമെന്നത് ശ്രദ്ധേയമാണ്. കമ്പനികളുടെ ശരാശരി പ്രവര്‍ത്തന ചിലവിനേക്കാള്‍ താഴ്ന്ന നിരക്ക് ഈടാക്കി പ്രവര്‍ത്തിച്ചാലാണ് നടപടി നേരിടേണ്ടി വരികയെന്നും ട്രായ് വ്യക്തമാക്കിയിരുന്നു. വന്‍തോതില്‍ നിരക്ക് കുറച്ച് ജിയോ താരിഫ് പ്രഖ്യാപിച്ചതോടെ രാജ്യത്തെ മറ്റ് പ്രമുഖ ടെലികോം കമ്പനികളെല്ലാം നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. വോയ്സ് കോളുകള്‍ സൗജന്യമായി നല്‍കിയും മൂന്ന് മാസത്തോളം ട്രയല്‍ ഓഫറെന്ന നിലയില്‍ അതിവേഗ 4ജി ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കിയുമായിരുന്നു ജിയോ മാര്‍ക്കറ്റ് പിടിച്ചടക്കിയത്. പിന്നീട് പണം ഈടാക്കാന്‍ തുടങ്ങിയപ്പോഴും മറ്റ് കമ്പനികള്‍ അതുവരെ ഈടാക്കിയിരുന്നതിനേക്കാള്‍ വളരെ കുറവായിരുന്നു. ഇതിനെതിരെ മറ്റ് കമ്പനികള്‍ നിരവധി തവണ ട്രായിയെ സമീപിച്ചെങ്കിലും ജിയോയ്‌ക്ക് അനുകൂലമായിരുന്നു വിധി. രാജ്യത്ത് ഇപ്പോള്‍ 22 ടെലികോം സര്‍ക്കിളുകളാണുള്ളത്. 

click me!