സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 1000 രൂപ സബ്സിഡി;  നിര്‍ദ്ദേശം കേന്ദ്രം പരിഗണിക്കുന്നു

By Web DeskFirst Published Jan 28, 2017, 12:01 PM IST
Highlights

ദില്ലി: ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ആയിരം രൂപ സബ്സിഡി നല്‍കുന്നതുള്‍പ്പെടെ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഒരുപിടി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാറിന്റെ സജീവപരിഗണനയിലാണ്. കൂടുതല്‍ പേരെ ക്യാഷ്‍ലെസ് ഇടപാടുകള്‍ക്ക് പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്ന്, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മുഖ്യമന്ത്രിതല സമിതി ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്.  ക്യാഷ് ലെസ് മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരുന്ന  കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വരുന്ന ബജറ്റില്‍ ഉണ്ടാകുമെന്ന് ഉറപ്പ്

50,000 രൂപയ്ക്ക് മുകളില്‍ കറന്‍സികള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് ക്യാഷ് ഹാന്റ്‍ലിങ് ചാര്‍ജ്ജ് എന്ന പേരില്‍ ഫീസ് ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. പകരം കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് എടുത്തുകളയണം. ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും ഈടാക്കുന്ന അധിക ചാര്‍ജ്ജാണ് കൂടുതല്‍ വ്യാപാരികളെയും ഇപ്പോള്‍ പി.ഒ.എസ് മെഷീനുകള്‍ സജ്ജീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. പണമിടപാടിന് ഫീസും കാര്‍ഡ് ഇടപാടുകള്‍ സൗജന്യവുമാകുന്നതോടെ വലിയൊരളവില്‍ ജനങ്ങള്‍ ക്യാഷ്‍ലെസ് ഇടപാടുകളിലേക്ക് നീങ്ങുമെന്നാണ് സമിതി കണക്കുകൂട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ എല്ലാ മേഖലകളിലും നേരിട്ടുള്ള പണമിടപാടുകള്‍ പരമാവധി നിരുത്സാഹപ്പെടുത്തുന്ന പദ്ധതികള്‍ വരുന്ന ബജറ്റില്‍ ഉണ്ടാവുമെന്നാണ് സാമ്പത്തിക ലോകം പ്രതീക്ഷിക്കുന്നത്.

ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പണമിടപാടുകള്‍ക്ക് തുടക്കം കുറിക്കുന്ന പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടാകാനിടയുണ്ട്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കെ.വൈ.സി രേഖയായി ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. ബാങ്കുകളിലും മറ്റിടങ്ങളിലും 30,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡോ അല്ലെങ്കില്‍ ആധാറോ നിര്‍ബന്ധമാക്കുന്നതോടെ കൃത്യമായ നികുതി വരുമാനം ഉറപ്പുവരുത്താനും സര്‍ക്കാറിനാവും.

click me!