പ്രളയ ഫണ്ട് പോലും മാറുന്നില്ല; സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം

By Web TeamFirst Published Feb 5, 2019, 7:05 AM IST
Highlights

ശമ്പള ദിവസങ്ങളിലെ സാധാരണനിയന്ത്രണം മാത്രമാണിതെന്നാണ് ധനവകുപ്പിന്റ വിശദീകരണം. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രമുള്ളപ്പോഴാണ് ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം. പ്രളയത്തിന് അനുവദിച്ച പണം പോലും മാറാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാൽ ശമ്പള ദിവസങ്ങളിലെ സാധാരണനിയന്ത്രണം മാത്രമാണിതെന്നാണ് ധനവകുപ്പിന്റ വിശദീകരണം.

സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രമുള്ളപ്പോഴാണ് ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായാണ് നിയന്ത്രണം. കഴിഞ്ഞ മാസം 20 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഈ മാസം കണ്ടിജൻസി ബില്ലുകൾ പൂർണ്ണമായും തടയനാണ് നിർദ്ദേശം. അതായത് തദ്ദേശഭരണ സ്ഥാപനങ്ങൾ, കർഷകസംഘങ്ങൾ എന്നിവയുടെ ബില്ലുകളൊന്നും 25 -ാം തിയതി മുതൽ മാറുന്നില്ല. ജനുവരി 12 മുതൽ ഒരു ബില്ലും മാറുന്നില്ലെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരാതി.

ശമ്പളതീയതി കഴിഞ്ഞതിന് ശേഷം മാത്രമേ ബില്ലുകൾ മാറാവുവെന്നാണ് ട്രഷറികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിയന്ത്രണം മൂലം കർഷകരും ബുദ്ധിമുട്ടിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരമൊരു നിർദ്ദേശമെന്നാണ് സൂചന. നിരോധനമില്ലെന്ന് വിശദീകരിച്ച ധനവകുപ്പ് എല്ലാ മാസവും ഒമ്പത് വരെ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാറുണ്ടെന്ന് വ്യക്തമാക്കി.

സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ വലിയ തുക മാറാൻ വരുന്നതിനാലാണ് നിയന്ത്രണം കർശനമാക്കിയത്. ട്രഷറി നിയന്ത്രണം വന്നതോടെ പദ്ധതി നിർവ്വഹണത്തിൽ പല പ‍ഞ്ചായത്തുകൾക്ക് 100 ശതമാനം നേട്ടം കൈവരിക്കാൻ കഴിയില്ല.

click me!