ഫ്ലിപ്പ്കാര്‍ട്ടില്‍ പിടിമുറുക്കി വാള്‍മാര്‍ട്ട്; അരിയും പച്ചക്കറിയും ഇനി ഓണ്‍ലൈനില്‍

By Web deskFirst Published Mar 19, 2018, 1:00 PM IST
Highlights
  • ഓഹരി വാങ്ങല്‍ നടപടികള്‍ പൂര്‍ണ്ണമാകുന്നതോടെ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 51 ശതമാനം ഓഹരി വാള്‍മാര്‍ട്ടിന്‍റെ കൈകളിലാവും
  • ഫ്ലിപ്പില്‍ ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് പിടിമുറുക്കുന്നതിനെ അതീവശ്രദ്ധയോടെയാണ് ഇ-കോമേഴ്സ് - റീട്ടെയില്‍ വ്യവസായ മേഖലകള്‍ വീക്ഷിക്കുന്നത്

ബാംഗ്ലൂര്‍: ഫ്ലിപ്പ്കാര്‍ട്ടിലെ ഏറ്റവും വലിയ ഓഹരി ഉടമയാവാന്‍ വാള്‍മാര്‍ട്ട് തയ്യാറെടുക്കുന്നു. ഓഹരി വാങ്ങല്‍ നടപടികള്‍ പൂര്‍ണ്ണമാകുന്നതോടെ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 51 ശതമാനം ഓഹരി വാള്‍മാര്‍ട്ടിന്‍റെ കൈകളിലാവും. നിലവില്‍ വാള്‍മാര്‍ട്ടിന് 26 ശതമാനത്തിനടുത്ത് ഫ്ലിപ്പ്കാര്‍ട്ടില്‍ സ്വാധീനമുണ്ട്.

ഓഹരി കൈമാറ്റം പൂര്‍ണ്ണമാവുന്നതില‍ൂടെ ഫ്ലിപ്പ്കാര്‍ട്ടിലൂടെ അരിയും, പച്ചക്കറിയും, പലവ്യഞ്ജനങ്ങളും വീട്ടിലെത്താന്‍ ഇനി അധികം കാലം കാത്തിരിക്കേണ്ടി വരില്ല എന്നുറപ്പ്. വാള്‍മാര്‍ട്ട് ഫ്ലിഫ്കാര്‍ട്ടിലെ ഓഹരിവിഹിതം ഏറ്റെടുക്കുന്നതിലൂടെ വിപ്ലവകരമായ ഓണ്‍ലൈന്‍ റീട്ടെയില്‍ യുഗത്തിനുകൂടിയാവും തുടക്കമാവുക. ഇനി ഒരു ക്ലിക്കിനപ്പുറം ഫ്ലിപ്പ്കാര്‍ട്ടിലൂടെ വാള്‍മാര്‍ട്ട് നിങ്ങളുടെ അടുക്കളയും വീടും നിറയ്ക്കും. 

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടില്‍ ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് പിടിമുറുക്കുന്നതിനെ അതീവശ്രദ്ധയോടെയാണ് ഇ-കോമേഴ്സ് - റീട്ടെയില്‍ വ്യവസായ മേഖലകള്‍ വീക്ഷിക്കുന്നത്. ഇന്ത്യന്‍ ഇ-കോമേഴ്സ് വിപണിയിലെ മത്സരം ഈ തീരുമാനത്തോടെ അതിശക്തമാവും. നിലവില്‍ ഫ്ലിപ്പ്കാര്‍ട്ടും ആമസോണുമാണ് ഈ മേഖലയിലെ പ്രബലര്‍.

വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടില്‍ ഓഹരിവിഹിതം വര്‍ദ്ധിപ്പിക്കുന്നതോടെ ഫലത്തില്‍ ഇന്ത്യന്‍ റീട്ടെയില്‍ മേഖല ഇനിമുതല്‍ അമേരിക്കന്‍ ബിസിനസ് ഭീമന്മാരുടെ പോരാട്ടവേദിയാവും. വാള്‍മാര്‍ട്ടും ആമസോണും യു.എസ്. ആസ്ഥാനമായുളള വ്യവസായിക ഗ്രൂപ്പുകളാണ്. റിലയന്‍സ്, ബിഗ് ബസാര്‍ തുടങ്ങിയവര്‍ മേധാവിത്വം പുലര്‍ത്തുന്ന റീട്ടെയില്‍ മേഖലയിലേക്കുകൂടി സജീവമാകാന്‍ വാള്‍മാര്‍ട്ടിന് ഈ ഓഹരി വാങ്ങലിലൂടെ കഴിയും.

click me!