എന്താണ് ജിഎസ്‌ടി?

By Web DeskFirst Published Aug 4, 2016, 3:11 PM IST
Highlights

രാജ്യത്ത് ആകമാനം ഒറ്റ പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷകരിച്ചതാണു ചരക്കു സേവന നികുതി അഥവാ ജിഎസ്‌ടി. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികള്‍ക്കു പകരമാണിത്. ജിഎസ്‌ടി വരുന്നതോടെ എക്സൈസ് തീരുവയും സര്‍വീസ് ടാക്സും വാറ്റുമൊക്കെ ഇല്ലാതാകും. പകരം കേന്ദ്ര ജിഎസ്‌ടിയും സംസ്ഥാന ജിഎസ്‌ടിയും മാത്രമാകും.

ജിഎസ്‌ടി എന്തു മാറ്റം കൊണ്ടുവരും?

സംസ്ഥാനങ്ങള്‍ക്കു സേവന മേഖലയിലും കേന്ദ്രത്തിനു ചരക്കു വില്‍പ്പനയിലും നികുതി ഈടാക്കാന്‍ കഴിയുമെന്നതാണു ജിഎസ്‌ടി വരുമ്പോഴുണ്ടാകുന്ന മാറ്റം. പരോക്ഷ നികുതി നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴുള്ള അധികാരം ഇല്ലാതാകും. ഉത്പന്നങ്ങള്‍ക്കുമേല്‍ രാജ്യത്ത് ആകമാനം ഒരേ നികുതിയായതിനാല്‍ വിലയിലും വ്യത്യാസമുണ്ടാകില്ല. അതായത് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത വില ചുമത്താന്‍ കഴിയില്ല.

ഏതൊക്കെ നികുതികള്‍ ഇല്ലാതാകും?

എക്സൈസ് തീരുവ, അഡീ. എക്സൈസ് തീരുവ, സേവന നികുതി, ചരക്ക്, സേവന സര്‍ചാര്‍ജ്, സംസ്ഥാന വാറ്റ്, ലക്ഷ്വറി ടാക്സ്, പ്രവേശന നികുതി, വിനോദ നികുതി, പരസ്യ നികുതി, ലോട്ടറി നികുതി, സംസ്ഥാന സെസ്സ്, സര്‍ചാര്‍ജ് തുടങ്ങിയവ ഇല്ലാതാകും.

ഏതൊക്കെ നികുതികള്‍ തുടരും?

ജിഎസ്‌ടി നിലവില്‍വന്നാലും ആദായ നികുതി, കസ്റ്റംസ് തീരുവ, പെട്രോളിയം ഉത്പന്നങ്ങളുടെ ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ടാക്സ്, മോട്ടോര്‍ വാഹന നികുതി, മദ്യത്തിന്മേലുള്ള നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട, തൊഴില്‍, വിനോദ നികുതികള്‍ തുടങ്ങിയവ തുടരും.

വ്യവസായ ലോകത്ത് എന്തു മാറ്റം വരും?

വ്യാപാരത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടമെന്നതു ജിഎസ്‌ടി കൊണ്ടുവരുന്ന പ്രധാന നേട്ടം. ഒറ്റക്കമ്പോളമാകുന്നതോടെ ബിസിനസ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് കുറയും.

എന്തിനൊക്കെ വില കൂടും?

ജിഎസ്‌ടി വരുന്നതോടെ വിമാന ടിക്കറ്റ്, ബാങ്കിങ് സേവനങ്ങള്‍, മദ്യം, സിഗററ്റ്, മൊബൈല്‍ഫോണ്‍ ബില്ല്, തുണിത്തരങ്ങള്‍, ബ്രാന്‍ഡഡ് ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കൂടും

എന്തിനൊക്കെ കുറയും?

എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്‌യുവി, കാര്‍ ബാറ്ററി, പെയിന്റ്, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കുറയും

കേരളത്തിന് എന്താണു നേട്ടം?

ഉത്പാദക സംസ്ഥാനങ്ങളേക്കാള്‍ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ നികുതി പിരിക്കാന്‍ കഴിയുമെന്നതിനാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു ജിഎസ്‌ടി നേട്ടമുണ്ടാക്കും. അന്തര്‍ സംസ്ഥാന വിനിമയങ്ങളില്‍ ഏതു സംസ്ഥാനത്താണോ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് അവിടെ നികുതി നല്‍കിയാല്‍ മതിയെന്ന രീതിയാണു ജിഎസ്‌ടി മുന്നോട്ടുവയ്ക്കുന്നത്.

ജിഎസ്‌ടി പാസാകാന്‍ ഇനി എന്ത്?

നേരത്തെ ലോക്‌സഭ പാസാക്കിയ ബില്ലില്‍ രാജ്യസഭ പരിഷ്കാരം വരുത്തിയതിനാല്‍ പുതിയ ഭരണഘടനാ ഭേദഗതി ബില്ല് വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കണം. തുടര്‍ന്ന് രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങള്‍ ഇതിന് അംഗീകാരം നല്‍കണം. പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരത്തതോടെ ഭരണഘടനാ ഭേദഗതി ബില്ല് പ്രാബല്യത്തില്‍വരും. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ജിഎസ്‌ടി നടപ്പാക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

 

click me!