അവഞ്ചേര്‍സ് എന്‍ഡ് ഗെയിം; ഐതിഹാസികമായ അവസാനം - റിവ്യൂ

By Web TeamFirst Published Apr 26, 2019, 2:25 PM IST
Highlights

മാര്‍വല്‍ സിനിമകളുടെ സ്ഥായിയായ സ്വഭാവമാണ് എല്ലാം ശരിയാകും മുന്‍പ് എല്ലാം കുളമാക്കുക എന്ന രീതി ഈ ചിത്രത്തിലും പ്രവര്‍ത്തിച്ചു എന്ന് കാണാം

ത്ത് കൊല്ലത്തോളം ലോകത്തെമ്പാടും ഉള്ള സൂപ്പര്‍ഹീറോ ചലച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട ചലച്ചിത്ര പരമ്പരയാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ്. 2009 ല്‍ ആരംഭിച്ച ഈ ചലച്ചിത്ര പരമ്പരയുടെ ഐതിഹാസികമായ അവസനമാണ് ഇന്ത്യയില്‍ വെള്ളിയാഴ്ച റിലീസായ അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി ഗെയിമിന്‍റെ തുടര്‍ച്ചയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്ന റൂസോ ബ്രദേഴ്സാണ്. ഇതുവരെ അവഞ്ചേര്‍സ് ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സൂപ്പര്‍ ഹീറോകഥാപാത്രങ്ങള്‍ ഏറെക്കുറെ എല്ലാവരും സ്ക്രീന്‍ പങ്കിടാന്‍ എത്തുന്നു എന്നതാണ് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

താനോസ് എന്ന കൊടുംവില്ലന്‍റെ ദൗത്യം പൂര്‍ത്തിയായ ഇടത്ത് നിന്നുമാണ് പുതിയ ചിത്രം ആരംഭിക്കുന്നത്. പ്രപഞ്ചത്തിലെ ജീവികളില്‍ പകുതി നശിപ്പിച്ചാണ് താനോസ് രംഗം വിടുന്നത്. അവിടെ ഈ ദുരന്തം തടുക്കാന്‍ സാധിക്കാതെ പരാജയപ്പെട്ടവരായി ഭൂമിയില്‍ ക്യാപ്റ്റന്‍ അമേരിക്കയും സംഘവും, ആകാശത്ത് ഏകന്തനായി അലയുന്ന അയേണ്‍മാന്‍ ടോണി സ്റ്റാര്‍ക്കും, നെബൂലയും. ഇവിടെ നിന്നും വികസിക്കുന്ന കഥാപാശ്ചാത്തലം താനോസിന്‍റെ നാശത്തിലേക്ക് നയിക്കുന്നതുവരെയാണ് കഥ മുന്നോട്ട് പോകുന്നത്. 

മാര്‍വല്‍ സിനിമകളുടെ സ്ഥായിയായ സ്വഭാവമാണ് എല്ലാം ശരിയാകും മുന്‍പ് എല്ലാം കുളമാക്കുക എന്ന രീതി ഈ ചിത്രത്തിലും പ്രവര്‍ത്തിച്ചു എന്ന് കാണാം. പല രംഗങ്ങളിലും അത് കാണാം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒപ്പം തന്നെ വൈകാരികമായ രംഗങ്ങള്‍ക്കും വലിയ പ്രധാന്യം ചിത്രം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് സൂപ്പര്‍ ഹീറോകള്‍ തമ്മിലുള്ള ആത്മബന്ധം. ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗങ്ങളോടെയാണ് ചിത്രം അവസാനിക്കുന്നത് എന്ന് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കഥപരിസരത്തിന്‍റെ എല്ലാ സത്തയും ഉള്‍കൊണ്ടാണ് അത് ചെയ്തിരിക്കുന്നത് എന്ന് ചിത്രം കണ്ടിറങ്ങുന്ന ഏത് അവഞ്ചേര്‍സ് ഫാനും സമ്മതിക്കും.

പത്ത് കൊല്ലത്തോളം എടുത്ത് കെട്ടുകെട്ടായി വളര്‍ത്തിയെടുത്ത ഒരു ചലച്ചിത്ര പരമ്പരയും ഫിനാലെ അര്‍ഹിക്കുന്ന രീതിയിലുള്ള ഒരു ചിത്രമാണ് എന്‍റ് ഗെയിം എന്ന് പറയാം. മൂന്ന് മണിക്കൂര്‍ ഒരു മിനുട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഈ ഒരു സമയ ക്ലിപ്തതയില്‍ ചിത്രത്തെ തങ്ങളുടെ സ്ഥിരം ഫോര്‍മാറ്റില്‍ പരിഗണിച്ച് ഒരുക്കാന്‍ സംവിധായകര്‍ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമേ 10 കൊല്ലത്തിനുള്ളില്‍ മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സില്‍ പറഞ്ഞുപോയ ചില ഇടങ്ങളിലേക്ക് തിരിച്ചുപോകാനും ചില ക്ലാസിക്ക് രംഗങ്ങള്‍ വീണ്ടും രസകരമായ ഒരു കോണില്‍ നോക്കികാണുവാനും പ്രേക്ഷകന് സാധിക്കുന്നുണ്ട്. ഹോളിവു‍ഡ് സ്ഥിരം ഉപയോഗിച്ച് പഴകിയത് എന്ന് പറയാവുന്ന ടൈം ട്രാവല്‍ പ്ലോട്ട് ചിത്രത്തില്‍ ഉപയോഗിക്കുന്നുവെങ്കിലും അത് രസകരമായി ഒരുക്കാന്‍ സാധിക്കുന്നു എന്നതില്‍ മിടുക്ക് കാണിക്കു എന്‍ഡ് ഗെയിം എന്ന സിനിമ.

നേരത്തെ പറഞ്ഞ വൈകാരികമായ രംഗങ്ങളുടെ ഉപയോഗം എന്നത് തന്നെയാണ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത്. ഇന്‍ഫിനിറ്റി വാര്‍ എന്ന മുന്‍ ചിത്രത്തിലെ അത്ര പോലും സംഘടന രംഗങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ലെന്ന് പറയാം. പക്ഷെ എപ്പിക്ക് എന്ന് വിളിക്കാവുന്ന രംഗം ഉണ്ട് താനും. അതീവമായ പരിചരണം അവസാനത്തെ രംഗങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. അതില്‍ പ്രധാനം വനിതകളായ സൂപ്പര്‍ ഹീറോകള്‍ മാത്രം അണിനിരക്കുന്ന സംഘടന രംഗമാണ്, റൂസോ ബ്രദേര്‍സിന്‍റെ 'വനിത നവോത്ഥാനം' എന്ന് പറയേണ്ടിവരുന്ന ഒരു രംഗമാണ് ഇത്.

ക്യാപ്റ്റന്‍‌ അമേരിക്കയായി അഭിനയിക്കുന്ന ക്രിസ് ഇവാന്‍സ് ഇത് തന്‍റെ അവസാനത്തെ അവഞ്ചേര്‍സ് പടമാണെന്ന് മുന്‍പേ പറഞ്ഞിരുന്നു. എന്ത് കൊണ്ട് എന്നത് സസ്പെന്‍സ് നിര്‍ത്തി തന്നെ ചിത്രം പറയുന്നുണ്ട്. ആര് താനോസിനെ കൊല്ലും എന്നത് തന്നെയായിരിക്കും ലോകം കാത്തിരുന്ന ചോദ്യം. അതിന് ഏറ്റവും ത്യാഗതുളുമ്പുന്ന ഉത്തരമാണ് ചിത്രം നല്‍കുന്നത്. ഏറ്റവും പ്രധാനം ഇത് തന്നെ, പത്ത് കൊല്ലത്തിന് ശേഷം ആയിരിക്കും ആദ്യമായി ഒരു മാര്‍വല്‍ ചിത്രത്തിന് പോസ്റ്റ് ക്രഡിറ്റ് സീനുകള്‍ ഇല്ല.!

click me!