
മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ 150 മത് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' ഇന്ന് തിയേറ്ററുകളിലെത്തി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത സിനിമ ഹ്യൂമറിന്റെ മെമ്പടിയോടെ ചില കാര്യങ്ങൾ പറഞ്ഞു വയ്ക്കുന്നുണ്ട്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച 'പ്രിൻസ് ആൻഡ് ഫാമിലി' ടൈറ്റിലിൽ സൂചിപ്പിക്കുന്നത് പോലെ പ്രിൻസിന്റെ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ഒരു വർഷത്തിന് ശേഷം ദിലീപ് ചിത്രം വരുമ്പോൾ മലയാളികളുടെ പഴയ ദിലീപിനെ തിരിച്ചു കിട്ടുമോയെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ കാത്തിരുന്നത്. എന്നാൽ, കാത്തിരുന്ന ആരാധകരെ നിരാശയാക്കിയില്ല ദിലീപ് എന്ന നടൻ. ദിലീപിന് പുറമെ സിദീഖ്, മഞ്ജു പിള്ള, ബിന്ദു പണിക്കർ, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, ഉർവശി, ജോസ് കുട്ടി ജേക്കബ് തുടങ്ങി വലിയ താരനിര തന്നെയാണ് 'പ്രിൻസ് ആൻഡ് ഫാമിലി' യുടെ മറ്റൊരു പ്രത്യേകത.
വിവാഹ പ്രായമായിട്ടും പെണ്ണ് കിട്ടാത്ത, അനിയന്മാരുടെയെല്ലാം വിവാഹം കഴിഞ്ഞ്,ഒരു കുടുംബത്തിന്റെ മൊത്തം ചുമതല തലയിലെടുത്ത് വച്ച് നടക്കുന്ന നായകനാണ് പ്രിൻസ്. പാർട്ടി നേതാവായി നടക്കുന്ന അച്ഛനായി സിദീഖും വീട്ടമ്മയായി ബിന്ദു പണിക്കരും. ഇവരുടെ മൂത്ത മകനാണ് പ്രിൻസ്. പ്രിൻസ് ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോ നടത്തിവരുകയാണ്. ഉത്തരവാദിത്തമില്ലാത്ത ജിൻസ് എന്ന അനിയനും ഷിൻസ് എന്ന അനിയനും കുടുംബവും കുട്ടികളുമായി ജീവിക്കുമ്പോഴും പ്രിൻസ് തന്നെയാണ് എല്ലാവരുടെ കാര്യങ്ങൾക്ക് വേണ്ടി ഓടുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായ ജോണി ആന്റണിയും ഷെഫീന ചേച്ചിയായി എത്തുന്ന മഞ്ജു പിള്ളയ്ക്കും പ്രിൻസിന്റെ ലൈഫിൽ പ്രധാനപ്പെട്ട റോളുണ്ട്.
വിവാഹം കഴിക്കാൻ അതിയായി മോഹിക്കുന്ന ഇൻട്രോവെർട്ടായ പ്രിൻസിന്റെ ലൈഫിൽ അമളിയായി പോകുന്ന സാഹചര്യങ്ങളും കടന്നു പോകുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസറായ ചിഞ്ചു റാണി എന്ന പെൺകുട്ടി പ്രിൻസിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ കഥയുടെ ഗതി മാറുകയാണ്. ഇന്ന് സമൂഹത്തിൽ നടക്കുന്ന സോഷ്യൽ മീഡിയ ഇടിച്ചു കയറ്റത്തെ കുറിച്ചെല്ലാം സിനിമയിൽ പറഞ്ഞു പോവുന്നുണ്ട്. ഇപ്പോഴത്തെ പല ട്രെന്റുകൾ വാക്കുകളും സിനിമയെ കൂടുതൽ പുതുമയുള്ളതാകുന്നുണ്ട്. ഫ്രഷ് കോമഡികൾ തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്തു. ഹ്യുമാറിനൊപ്പം ഇമോഷണൽ രംഗങ്ങളും പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നുണ്ട്.
ഷാരിസ് മുഹമ്മദിന്റെ കഥ പ്രിൻസിന്റെ അടിത്തറയെ ഉറച്ചു നിർത്തുന്നുണ്ട്. സാഗർ ദാസിന്റെ എഡിറ്റിംഗ് ആയാലും രെണ ദിവെയുടെ കാമറ നാട്ടുംപുറം ഭംഗിയെ മനോഹരമാക്കി ചിത്രീകരിച്ചിട്ടുണ്ട്. ജേക്സ് ബിജോയുടെ സംഗീതം ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. സാഗർ ദാസിന്റെ എഡിറ്റും പ്രശംസിനിയമാണ്.