Bro Daddy review : 'കാറ്റാടി' കുടുംബം ചിരിപ്പിക്കും, ഗംഭീരമാക്കി ലാലു അലക്സും- 'ബ്രോ ഡാഡി' റിവ്യു

By Web TeamFirst Published Jan 26, 2022, 11:56 AM IST
Highlights

പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ റിവ്യു.
 

പൃഥ്വിരാജ് സുകുമാരൻ എന്ന പേര് അരങ്ങേറ്റത്തില്‍ തന്നെ വിജയം സ്വന്തമാക്കിയ സംവിധായകന്റേതു കൂടിയാക്കിയത് 'ലൂസിഫറാ'ണ്. മോഹൻലാലിന്റെ സ്റ്റൈലിഷ് ആക്റ്റിംഗിനെ ഒരു ആരാധകന്റെ കണ്ണിലൂടെ കയ്യൊതുക്കത്തോടെ ക്യാമറയിലാക്കുകയായിരുന്നു അന്ന് പൃഥ്വിരാജ് ചെയ‍്‍തത്. മലയാളത്തിന്റെ മോഹൻലാല്‍ എന്ന 'താളം' ബുദ്ധിപൂര്‍വം സ്‍ക്രീനിലേക്ക് എത്തിക്കുന്ന ആഖ്യാനമായിരുന്നു പൃഥ്വിരാജ് ആദ്യ ചിത്രത്തില്‍ സ്വീകരിച്ചത്. രണ്ടാം സംവിധാന ചിത്രമായി ഇന്ന് എത്തിയത് 'ലൂസിഫറി'ന്റെ സ്വഭാവത്തിന് നേരെ എതിര്‍ദിശയില്‍ നില്‍ക്കുന്ന 'ബ്രോ ഡാഡി'യും (Bro Daddy). അതുപക്ഷേ മോഹൻലാലിനെ എന്നും മലയാളികള്‍ കാണാൻ ആഗ്രഹിക്കുന്ന ഴോണറിലുള്ളതും. 'വിന്റേജ് മോഹൻലാലെ'ന്ന വിശേഷണങ്ങളോടെ ആരാധക വിശകലനങ്ങളില്‍ എന്നും നിറയുന്ന അതേ സ്വഭാവത്തിലുള്ള നായകനെന്നായിരുന്നു പ്രതീക്ഷകള്‍. ചിരിപ്പിക്കുന്ന മോഹൻലാലിനെ വീണ്ടും തിരിച്ചെത്തിക്കാൻ കഴിയുമോ പൃഥ്വിരാജിന് എന്നായിരിക്കും 'ബ്രോ ഡാഡി'യുടെ പ്രഖ്യാപനം മുതലേയുള്ള ആരാധകരുടെ ചോദ്യം. വളരെ ലാഘവത്തോടെ എന്ന് തോന്നിപ്പിച്ച് 'ബ്രോ ഡാഡി'യിലൂടെ ചെറുചിരികള്‍ സമ്മാനിക്കാൻ പൃഥ്വിരാജിനായിട്ടുണ്ട്.

 

ഒരോ വിഷയത്തെയും എങ്ങനെയാണ് പൃഥ്വിരാജ് എന്ന സംവിധായകൻ സമീപിക്കുക എന്നതിന്റെ ഉത്തരമാണ് 'ബ്രോ ഡാഡി'. രണ്ട് ധ്രുവങ്ങളിലെ ചിത്രങ്ങള്‍ ആദ്യത്തേതും രണ്ടാമത്തേതുമായി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വന്നിരിക്കുകയാണ്. 'ബ്രോ ഡാഡി' ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് തന്നെ പറഞ്ഞത് ഒരു കുഞ്ഞ് സിനിമ എന്നാണ്. ചെറു നര്‍മങ്ങളിലൂടെ ചിത്രത്തിന്റെ കഥ വലിയ ബഹളങ്ങളില്ലാതെ പറഞ്ഞുതീര്‍ക്കുക എന്ന പതിവ് രീതി തന്നെയാണ് പൃഥ്വിരാജും സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധികളില്‍ ഇൻഡോര്‍ രംഗങ്ങളിലൂടെ കൊച്ചു കുടുംബ ചിത്രം അവതരിപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. 'ബ്രോ ഡാഡി; ചിത്രത്തിന്റെ മൊത്തം സ്വഭാവത്തെ പ്രതിനീധീകരിക്കുന്ന തരത്തില്‍ ലളിതമെന്ന് തോന്നിപ്പിച്ച് ഓരോ രംഗങ്ങളും അവതരിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്.

'കാറ്റാടി കുടുംബ'മാണ് ചിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത്. 'ജോണ്‍ കാറ്റാടി'യെന്ന കഥാപാത്രമായി മോഹൻലാലും മകൻ 'ഈശോ'യായി പൃഥ്വിരാജും അഭിനയിച്ചിരിക്കുന്നു. 'ജോണ്‍ കാറ്റാടി'യുടെ ഭാര്യ 'അന്നമ്മ'യായി മീനയും. 'അന്നമ്മ'യുമായി പഠിക്കുമ്പോള്‍ വണ്‍ സൈഡ് പ്രണയമുണ്ടായിരുന്ന, ഇപ്പോള്‍ 'ജോണ്‍ കാറ്റാടി'യുടെ അടുത്ത സുഹൃത്തുമായ 'കുര്യൻ' ആയി ലാലു അലക്സാണ്. ലാലു അലക്സിന്റെ കഥാപാത്രത്തിന്റെ മകള്‍ 'അന്ന' കല്യാണി പ്രിയദര്‍ശനാണ്. അമ്മ കനിഹയും. 'ബ്രോ ഡാഡി' ചിത്രത്തിന്റെ ന്യൂക്ലിയസും 'ജോണി'ന്റെയും 'കുര്യന്റെ'യും കുടുംബമാണ്.

'ലൂസിഫറി'ല്‍ മോഹൻലാലിനെ എങ്ങനെ സംവിധായകൻ ആരാധനയോട് നോക്കിയോ അതുപോലെയാണ് 'ബ്രോ ഡാഡി'യിലും. 'ലൂസിഫറി'ല്‍ വീരാരാധന ആയിരുന്നെങ്കില്‍ ഇവിടെ മോഹൻലാല്‍ കഥാപാത്രങ്ങളുടെ കുറുമ്പുകളില്‍ ആഹ്ലാദം കണ്ടെത്തുന്ന ആരാധകനാണ് 'ബ്രോ ഡാഡി'യുടെ സംവിധായകൻ. 'ബ്രോ ഡാഡി' ചിത്രം റിലീസ് ചെയ്യും മുന്നേ ഇറങ്ങിയ ഗാനത്തില്‍ തന്നെ അത് വ്യക്തമായിരുന്നു. മോഹൻലാലിന്റെ കുസൃതി ഭാവങ്ങള്‍ 'ബ്രോ ഡാഡി'യില്‍ പലയിടത്തും മിന്നിമറയുന്നുമുണ്ട്. കട്ടക്ക് പിടിച്ചുനില്‍ക്കാൻ പൃഥ്വിരാജും കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നിന്നുള്ള കുറുമ്പുകള്‍ കാട്ടുന്നു. കല്യാണി പ്രിയദര്‍ശനം ചിത്രത്തില്‍ മോശമാക്കിയില്ല. 

ഇങ്ങനെയാണേലും മൊത്തത്തില്‍ ചിത്രം ലാലു അലക്സിന്റേതായി മാറുന്നു. 'ബ്രോ ഡാഡി' ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് ലാലു അലക്സ് നടത്തിയിരിക്കുന്നത്. 'പുലിവാല്‍ കല്യാണ'മടക്കമുള്ള ചിത്രങ്ങളില്‍ കണ്ടതുപോലുള്ള കാമുകിയുടെ അച്ഛൻ കഥാപാത്രമായി ലാലു അലക്സ് 'ബ്രോ ഡാഡി'യിലും നിറയുന്നു. 'നീയെന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലായിരുന്നോടാ?' എന്നതടക്കമുള്ള സംഭാഷണങ്ങളിലെ ലാലു അലക്സിന്റെ ശബ്‍ദത്തിന്റെ താളം പുതിയ കാലത്തെ പ്രേക്ഷനെയും ഇഷ്‍ടപ്പെടുത്തും. കല്യാണി പ്രിയദര്‍ശനുമൊത്തുള്ള രംഗങ്ങളിലും കോമഡിയായാലും സെന്റിമെന്റ്‍സ് ആയാലും ലാലു അലക്സ് 'ബ്രോ ഡാഡി'യില്‍ മുന്നില്‍നില്‍ക്കുന്നു.

 

ദീപക് ദേവ് ചിത്രത്തിന്റെ സ്വഭാവത്തിന് അടിവരയിട്ടുള്ള പശ്ചാത്തലസംഗീതം തന്നെ ഒരുക്കിയിരിക്കുന്നു. അഭിനന്ദ് രാമാനുജന്റെ ക്യാമറയും 'ബ്രോ ഡാഡി'യെ നോക്കിയത്  ഒരു ചെറു ചിത്രമായിരിക്കണം സ്വഭാവത്തില്‍ എന്ന നിലയില്‍ തന്നെയാണ്. ആദ്യ പകുതയില്‍ ചെറു നര്‍മങ്ങളോടെയുള്ള സംഭാഷണങ്ങളിലൂടെ പ്രേക്ഷകനെ 'ബ്രോ ഡാഡി'യോട് അടുപ്പിക്കാൻ തിരക്കഥാകൃത്തുക്കളായ ശ്രീജിത്ത് എന്നിനും ബിബിൻ മാളിയേക്കലിനും കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതിയിലെ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷനില്‍ അടക്കമുള്ള ലാഗിംഗ് സംവിധായകന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നത് പോരായ്‍മയായി തോന്നാം.

click me!