ഒരു ഫീല്‍ ഗുഡ് ചിരി, 'തോല്‍വി എഫ്‍സി' റിവ്യു

By Web TeamFirst Published Nov 3, 2023, 3:46 PM IST
Highlights

ഷറഫുദ്ദീൻ നായകനായി എത്തിയ ചിത്രം തോല്‍വി എഫ്‍സിയുടെ റിവ്യു.

തോല്‍വി ഒരിക്കലും ജീവിതത്തിന്റെ പൂര്‍ണവിരാമമല്ല. തോല്‍വിയും വിജയവുമെല്ലാം ജീവിതത്തിലുണ്ടാകും. തോല്‍വി മറികടന്നുള്ള വിജയത്തിന് മാധുര്യമേറും. തോല്‍വി എഫ്‍സിയും അതാണ് പറയുന്നത്. തോല്‍വി എഫ്‍സി വെറുമൊരു ഉപദേശ കഥയായിട്ടല്ല കാണാനാകുക. വിരതയൊട്ടുമില്ലാതെ ഒരു ഫീല്‍ ഗുഡ് സിനിമയായിട്ടാണ് ഷറഫുദ്ദീൻ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്ന തോല്‍വി എഫ്‍സി അനുഭവപ്പെടുക. ജോര്‍ജ് കോരയും പ്രധാന വേഷത്തിലെത്തിയ ചിത്രം സുകുടുംബം ആസ്വദിച്ച് കാണാവുന്ന ഒന്നാണെന്ന് കണ്ടിറങ്ങുന്നവരുടെ മുഖത്തെ നിറഞ്ഞ ചിരി സാക്ഷ്യപ്പെടുത്തുന്നു.

ഓഹരിക്കച്ചവടത്തില്‍ ഭ്രമമുള്ള ഗൃഹനാഥനാണ് കുരുവിള. ഒരു ജോലിയുമെടുക്കാതെ ഭാഗ്യം പ്രതീക്ഷിക്കുന്ന കഥാപാത്രമായ കുരുവിള കേന്ദ്ര സ്ഥാനത്താണ്. പക്ഷേ പലപ്പോഴും കുരുവിള പരാജയപ്പെടുകയാണ്. വലിയ നഷ്‍ടമുണ്ടാകുന്നു. വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നു. മകന്റെ അടുത്തേയ്‍ക്കാണ് കുരുവിള എത്തുന്നത്. മകനാകട്ടെ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് തന്റെ സ്റ്റാര്‍ട്ട് അപ്പിന്റെ വിജയം സ്വ‍‍പ്‍നം കണ്ടിരിക്കുന്നയാളാണ്.

ഉമ്മൻ നടത്തുന്നത് ഒരു ചായക്കടയാണ്. സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ചായക്കട മകന് ലാഭമുണ്ടാക്കുന്നില്ലെന്ന് കുരുവിളയ്‍ക്ക് മനസ്സിലാകുന്നുണ്ട്. ഫുട്‍ബോള്‍ പരിശീലകനാണ് കുരുവിളയുടെ രണ്ടാമത്തെ മകൻ തമ്പി.  തമ്പി പരിശീലിപ്പിക്കുന്ന കുട്ടികള്‍ക്ക് എപ്പോഴും തോല്‍ക്കാനാണ് വിധിയെന്നതും പിന്നീട് കാര്യങ്ങള്‍ മാറുന്നതുമാണ് തോല്‍വി എഫ്‍സി സിനിമയില്‍ പറയുന്നത്.

ജോണി ആന്റണിയാണ് കുരുവിളയെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ രസകരമായ മാനറിസങ്ങളുമായി കുരുവിളയായി ചിത്രത്തില്‍ ജോണി ആന്റണി പ്രേക്ഷകരെ കയ്യിലെടുക്കുന്നു. ഉമ്മനായ ഷറഫുദ്ദീൻ പക്വതയാര്‍ന്ന പ്രകടനത്തിലൂടെ ചിത്രത്തില്‍ മികവ് തെളിയിച്ചിരിക്കുന്നു. അലക്ഷ്യനെങ്കിലും സ്വപ്‍നം നിറവേറ്റാൻ ശ്രമിക്കുന്ന കഥാപാത്രമായ തമ്പിയായി ജോര്‍ജ് കോരയും നിറഞ്ഞുനില്‍ക്കുന്നു. സംവിധായകനും ജോര്‍ജ് കോരയാണ്. ജോര്‍ജ് കോരയുടെ മാനറിസങ്ങള്‍ക്ക് ചിരിപ്പിക്കാനാകുന്നുണ്ട്. മറിയമായ മീനാക്ഷി രവീന്ദ്രനും, ശോശയായി ചിത്രത്തില്‍ ആശാ മഠത്തിലും അബുവായി അനുരാജ് ഒബിയും തോല്‍വി എഫ്‍സിയില്‍ മികച്ച പ്രകടം നടത്തുന്നു.

ലാളിത്യമായ ആഖ്യാനമാണ് ജോര്‍ജ് കോരയുടേത്. തിരക്കഥാകൃത്തുമായ ജോര്‍ജ് കോര തന്റെ സിനിമയില്‍ രസകരമായ സംഭാഷണങ്ങള്‍ ചേര്‍ക്കുന്നിലും വിജയിച്ചിരിക്കുന്നു. പുതിയ കാലത്തിന്റെ ചിരി സാധ്യതകള്‍ ചിത്രത്തിലൂടെ കണ്ടെത്തുകയാണ് ജോര്‍ജ് കോര. ചെറു സംഭാഷണങ്ങളിലും മാനറിസങ്ങളും ചിരിയൊളിപ്പിച്ചാണ് സംവിധായകനായ ജോര്‍ജ് കോര കുടുംബ പ്രേക്ഷകരെയും യുവാക്കളെയും രസിപ്പിക്കുന്നത്.

ശ്യാമപ്രസാദ് എം എസ്സാണ് ഛായാഗ്രാഹണം. പ്രമേയത്തിനൊത്തെ ക്യാമറാ നോട്ടമാണ് ശ്യാമപ്രസാദിന്റേത്. ലാളിത്യം നിലനിര്‍ത്തിയാണ് ശ്യാമപ്രസാദിന്റെ ഛായാഗ്രാഹണം. കളര്‍ ടോണിലടക്കും പുതുമ അനുഭവപ്പെടുത്താനുമായിട്ടുണ്ട്.

പ്രമേയത്തോട് അലിഞ്ഞുചേരുന്നതാണ് പാട്ടുകള്‍. വിനീത് ശ്രീനിവാസന്റേതടക്കമുള്ള ഗാനങ്ങള്‍ ആകര്‍ഷകമാണ്. ധനുഷ് നായനായരുടെ സൗണ്ട് ഡിസൈനിംഗും ചിത്രത്തില്‍ പരാമര്‍ശം അര്‍ഹിക്കുന്നു. സിബി മാത്യു അലക്സിന്റെ പശ്ചാത്തല സംഗീതവും ആഖ്യാനത്തിന് ഗുണകരമായിട്ടുണ്ട്.

Read More: 'എന്തുകൊണ്ടാണ് റോളക്സ് ചെയ്‍തത്?', സൂര്യ പറഞ്ഞത് വെളിപ്പെടുത്തി കാര്‍ത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!