
തിരുവനന്തപുരം പാലോടിന് സമീപം പേടിപ്പെടുത്തുന്ന ഒരു വളവ്. ചില അനിഷ്ട സംഭവങ്ങൾ നടക്കുന്നു. തൊണ്ണുറുകളിലെ കുട്ടികളെ ഉറക്കാനും ഭക്ഷണം കഴിപ്പിക്കാനും ഒരു മുത്തശ്ശി കഥപോലെ കേട്ട സുമതി വളവ് വർഷങ്ങൾക്കിപ്പുറം ഒരു സിനിമയായി എത്തുമ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയേറും. അതും ഹിറ്റ് കോംബോ അഭിലാഷ് പിള്ള-വിഷ്ണു ശശി ശങ്കർ കൂട്ടുകെട്ട് മാളികപ്പുറത്തിന് ശേഷം ഒന്നിക്കുമ്പോൾ പതിന്മടങ്ങ് ആകാംഷയെറും. യഥാർത്ഥ സുമതി കഥകളുമായി ഒരു ബന്ധവുമില്ലെന്ന് ആദ്യമേ ടീം പറഞ്ഞു വയ്ക്കുന്നുണ്ടെങ്കിലും, ഈ സുമതി വളവ് എന്തെന്നതും സുമതിയുണ്ടോയെന്നും ഇനി കേട്ട് പരിചയിച്ച സുമതിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന ഒരായിരം ചോദ്യങ്ങൾക്ക് ഇന്ന് ചിത്രത്തിന്റെ റീലിസിനൊപ്പം ഉത്തരങ്ങൾ കിട്ടി. ഒറ്റ വാക്കിൽ പറഞ്ഞാൽ, 'അതി ഗംഭീരം'. മലയാള സിനിമയുടെ ഏറ്റവും സുവർണ കാലമായ തൊണ്ണൂറുകളിലെ സിനിമകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു ഫൺ -ഹൊറർ കുടുംബ ചിത്രം.
തൊണ്ണൂറുകളിലെ കല്ലേലി എന്ന ഗ്രാമവും വളരെ സ്നേഹത്തിൽ കഴിഞ്ഞ കുടുംബങ്ങൾ തമ്മിൽ ചില സാഹചര്യങ്ങൾ മൂലം, രണ്ടു ധ്രുവത്തിലാവുന്നതും, അണയാത്ത പ്രതികാരം കൊണ്ട് നടക്കുന്ന ഒരു കുടുംബവും. എന്നാൽ, ആ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത് തങ്ങളുടെ കുടുംബമാണെന്ന് കുറ്റബോധത്തിൽ നടക്കുന്ന മറ്റൊരു കുടുംബവും. അർജുൻ അശോകൻ അവതരിപ്പിക്കുന്ന അപ്പു പേടിക്കഥകൾ കേട്ട് വളരുന്ന, അയാളുടെ യൗവനത്തിലും അതേ പേടികൊണ്ടു നടക്കുന്ന ഒരു യുവാവ്. എന്നാൽ, വൈകുന്നേരം എട്ടുമണി കഴിഞ്ഞാൽ ആരും പോവാൻ പേടിക്കുന്ന സുമതി വളവ് താണ്ടി അപ്പു പോയിട്ടുണ്ടെന്ന നാട്ടിലെ പ്രചരണങ്ങൾ, അപ്പുവിനെ അറിയുന്നവരാരും വിശ്വസിക്കില്ല. നാല്പതോളം കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പാട്ടും ആക്ഷനും ഹ്യൂമറും നിറഞ്ഞ് ആഘോഷ മൂഡിലാണ് വിഷ്ണു സുമതി വളവ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ മേക്കിങ്ങിനൊപ്പം എടുത്ത പറയേണ്ടവയാണ് ഛായാഗ്രഹണം, ആർട്ട്, സംഗീതം എന്നീ മൂന്ന് വിഭാഗങ്ങളും. തമിഴിലെ ശ്രദ്ധേയ ത്രില്ലർ ചിത്രം രാക്ഷസന്റെ കാമറ ചലിപ്പിച്ച പി വി ശങ്കർ ആദ്യമായി മലയാളത്തിൽ ചെയ്ത വർക്കാണ് സുമതി വളവ്. പ്രേത സിനിമകൾ കണ്ടു പരിചയിച്ച മലയാളികൾക്ക് മുന്നിലേക്ക് പ്രേത സിനിമയിയിലെ ഷോട്ടുകൾ പേടിപ്പെടുത്തുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്, എന്നാൽ പേടിപ്പെടുത്തുന്നതിൽ , സീറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്നതിലെല്ലാം പി വി ശങ്കർ വിജയിച്ചു. സി ജിയുടെ ഉപയോഗത്തോടെയുള്ള ചില രംഗങ്ങൾ ഒട്ടും ആർട്ടിഫിഷ്യലിറ്റി തോന്നിപ്പിക്കാത്ത വിധം നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അതിനോടൊപ്പം ഈ കാലഘട്ടത്തിൽ മണിച്ചിത്രത്താഴ് റിലീസ് ചെയ്ത വർഷം റീ ക്രീയേറ്റ് ചെയ്യുന്നതിൽ ആർട്ട് വിഭാഗം എടുത്ത ശ്രദ്ധ പ്രശംസനീയമാണ്. തൊണ്ണൂറുകളിലെ കഥയോട് ചേർന്ന് നിൽക്കുന്ന ചുറ്റുപാട് അജയ് മങ്ങാടും ടീം ചേർന്നൊരുക്കിയത് സുമതി വളവിന്റെ മികവ് കൂട്ടിയിട്ടുണ്ട്. ഒപ്പം ബാക്ക്ഡ്രോപ്പിലൂടെ കടന്നു പോകുന്ന മനുഷ്യരെ പോലും തൊണ്ണൂറുകളിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെന്ന തോന്നിപ്പിക്കുന്ന വസ്ത്രധാരണയിലേക്കും ലുക്കിലേക്കും മാറ്റിയത് വളരെയധികം കൺവീൻസിങ്ങോടെയാണ്. അതിന് ഗോപിക അനിലിനും സുജിത്ത് മട്ടന്നൂരിനും കൈയ്യടി കൊടുക്കേണ്ടതാണ്.
ഹ്യൂമറിനൊപ്പം ഹൊറർ പറഞ്ഞു പോവുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല, രഞ്ജിൻ രാജിന്റെ സംഗീതം എടുത്ത പറയേണ്ടതാണ്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കൂടുതൽ പൂർണതയിലേക്ക് എത്തിച്ചത് രഞ്ജിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ തന്നെയാണ്. ആഘോഷങ്ങളും സന്തോഷങ്ങളും നിറഞ്ഞു നിൽക്കുന്ന, ഒരുപാട് പാട്ടുകളും നൃത്ത ചുവടുകളുമുള്ള പാട്ടുകളെല്ലാം മലയാളികൾക്ക് നൊസ്റ്റാൾജിയ ആകുമ്പോള്‍ രഞ്ജിൻ രാജ് മലയാളികൾക്ക് ഒരുക്കിയ ഫീസ്റ്റ് തന്നെയാണ് സുമതി വളവ്. ആക്ഷനും എടുത്തുപറയേണ്ടവയാണ്.
നാൽപ്പതിൽ കൂടുതലോളം വരുന്ന അഭിനേതാക്കളുടെ പ്രകടനം മികച്ച തന്നെയാണ് സുമതി വളവിന്റെ പ്രധാന സക്സസ് കീ. ആരെങ്കിലും എവിടെങ്കിലും പാളി പോയിരുന്നെങ്കിൽ സിനിമയുടെ കോർ വിഷയത്തെ ബാധിച്ചേക്കാവുന്നതായിരുന്നു. അർജുൻ അശോകൻ അവതരിപ്പിച്ച അപ്പുവും മാളവിക മനോജ് അവതരിപ്പിച്ച ഭാമയും, ഇവരുടെ പ്രണയവും മനോഹരമായി. അപ്പുവിന്റെ ഒപ്പമുള്ള അമ്പാടിയായി എത്തിയ ബാലു വർഗീസ് എപ്പോഴത്തെയും പോലെ തന്റെ കഥാപാത്രം മികച്ചതാക്കി. ഗിരി എന്ന വേഷത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈകളിൽ ആ വേഷം സുരക്ഷിതമായിരുന്നു. ഗോകുൽ സുരേഷ് അവതരിപ്പിച്ച മഹേഷ് എന്ന പട്ടാളക്കാരന്റെ വേഷം, സിദ്ധാർഥ് ഭരതൻ അവതരിപ്പിച്ച ചെമ്പൻ എന്ന കഥാപാത്രം, സൈജു കുറുപ്പ് അവതരിപ്പിച്ച സി ഐ ഹരി, ശിവദ അവതരിപ്പിച്ച ദീപ ടീച്ചർ, മനോജ് കെ യു അവതരിപ്പിച്ച അപ്പുവിന്റെ അച്ഛൻ വേഷം, സ്‌മിനു അവതരിപ്പിച്ച അമ്മ വേഷം തുടങ്ങി മാളികപ്പുറത്തിന് ശേഷം ശ്രീ നന്ദയും ശ്രീപദും വരെയുള്ളവരുടെ പ്രകടനം ഗംഭീരമായിരുന്നു. സുമതി വളവിന്റെ മറ്റൊരു സന്തോഷം വർഷങ്ങൾക്ക് ശേഷം ഭാമ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതിഥി താരമായെത്തി കൈയ്യടിനേടി ഭാമയും.