'ലെവല്‍ ക്രോസി'ലൂടെ പിന്നണി ഗായികയായി അമല പോള്‍

Published : May 26, 2024, 06:25 PM IST
'ലെവല്‍ ക്രോസി'ലൂടെ പിന്നണി ഗായികയായി അമല പോള്‍

Synopsis

നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രം

ആസിഫ് അലി, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലെവല്‍ ക്രോസ്. ചിത്രത്തിലൂടെ ആദ്യമായി ഒരു പിന്നണി ഗായികയും ആയിരിക്കുകയാണ് അമല പോള്‍. വിശാൽ ചന്ദ്രശേഖർ ഈണം നൽകിയ പാട്ടാണ് അമല ആലപിച്ചിരിക്കുന്നത്. യുട്യൂബിലെത്തിയ ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിക്കുന്നത്. വരാൻ പോകുന്ന തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് ഈ ഗാനമെന്നായിരുന്നു അമലയുടെ വാക്കുകള്‍. 

അമലയെക്കൊണ്ട് പാടിപ്പിക്കാൻ താൻ കുറച്ച് പാടുപെട്ടെന്ന് സംവിധായകന്‍ അര്‍ഫാസ് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ വാര്‍ത്താ സമ്മേളനത്തില്‍ തമാശരൂപേണ പറഞ്ഞിരുന്നു. താൻ ലൊക്കേഷനിൽ വെറുതെയിരുന്നപ്പോൾ പാടിയ മൂളിപ്പാട്ട് കേട്ടാണെന്ന് തോന്നുന്നു തന്നെകൊണ്ട് പാടിപ്പിച്ചതെന്ന് അമലയും മറുപടി നൽകി. ജിത്തു ജോസഫിന്റെ  പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. മോഹൻലാൽ നായകനായെത്തുന്ന റാം സിനിമയുടെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവൽ ക്രോസിന്‍റെ 
കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമല, ഷറഫുദ്ദീന്‍ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്.  

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ  മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല സാങ്കേതിക മേഖലയിലും മികവിന്‍റെ നിരയാണ്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ചായാഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്, സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം ലിന്‍റ ജീത്തു, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂൺ രണ്ടാം വാരം തിയറ്ററുകളിലെത്തും.

ALSO READ : വാശിയേറിയ മത്സരം; ബിഗ് ബോസ് സീസണ്‍ 6 ലെ അവസാന ക്യാപ്റ്റനെ പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്