കാര്‍ത്തിക്കിനൊപ്പം വീണ്ടും ഗൗതം മേനോന്‍- സൂര്യ ടീം; പ്രയാഗ മാര്‍ട്ടിന്‍റെ ‘നവരസ‘ ഗാനം പുറത്തുവിട്ടു

By Web TeamFirst Published Jul 13, 2021, 10:49 AM IST
Highlights

കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് ആന്തോളജി ചിത്രം നവരസ. ഓഗസ്റ്റ് 6നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൂര്യ – ഗൗതം മേനോന്‍ ടീം ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’ വിലെ ഗാനമാണ് പുറത്തുവിട്ടത്.

പ്രണയത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍ ആണ് നായികയാവുന്നത്. തൂരിഗ എന്ന ഈ ഗാനം കാര്‍ത്തിക് ആണ് ആലപിച്ചിരിക്കുന്നത്. സൂര്യയും ഗൗതം മേനോനും ഒന്നിച്ച വാരണം ആയിരം എന്ന ചിത്രത്തിന് ഇന്നും ധാരാളം ആരാധകരുണ്ട്. ചിത്രത്തിലെ കാര്‍ത്തിക് ആലപിച്ച ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.
ചിത്രം നിർമിക്കുന്നത് സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ്. 

കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും.

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്,  സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!