സുഗ മുന്‍നിര പോരാളിയാവില്ല, ബിടിഎസ് ഗ്രൂപ്പിലെ മൂന്നാമനും സൈനിക സേവനത്തിന്, 2025ൽ കാണാമെന്ന് സന്ദേശം

Published : Sep 23, 2023, 08:49 AM IST
സുഗ മുന്‍നിര പോരാളിയാവില്ല, ബിടിഎസ് ഗ്രൂപ്പിലെ മൂന്നാമനും സൈനിക സേവനത്തിന്, 2025ൽ കാണാമെന്ന് സന്ദേശം

Synopsis

2020 തോളില്‍ ശസ്ത്രക്രിയ ചെയ്തത് മൂലമാണ് സ്ഥിരം സൈനിക ചുമതലകള്‍ക്ക് സുഗയ്ക്ക് അയോഗ്യത വന്നത്.

സിയോള്‍: ബിടിഎസ് ഗ്രൂപ്പിലെ മൂന്നാമനും സൈനിക സേവനത്തിന്. സുഗ എന്നറിയപ്പെടുന്ന മിൻ ആണ് നിർബന്ധിത സൈനിക സേവനത്തിന് പോകുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ലോകമൊട്ടുക്ക് ഏറെ ആരാധകരെ നേടിയ ബിടിഎസ് ഗ്രൂപ്പിലെ ജിൻ, ജെ ഹോപ്പ് എന്നിവർ നേരത്തെ സൈനിക സേവനത്തിന് പോയിരുന്നു. ബിടിഎസില്‍ നിന്ന് സൈനിക സേവനത്തിനായി പോകുന്ന മൂന്നാമനാണ് മിന്‍ യൂന്‍ ജി എന്ന സുഗ. വിശ്വസ്തതയോടെ തന്റെ കടമ നിര്‍വ്വഹിച്ച് മടങ്ങി വരുമെന്നാണ് സുഗ വിശദമാക്കിയത്. സാങ്കേതികമായി ദക്ഷിണ കൊറിയ ഉത്തര കൊറിയയുമായി യുദ്ധത്തില്‍ ആയതിനാല്‍ ശാരീരിക പരിമിതികള്‍ ഇല്ലാത്തെ രാജ്യത്തെ എല്ലാ പുരുഷന്മാരും 28 വയസ് തികയുന്നതിന് മുന്‍പ് സൈനിക സേവനം ചെയ്യണമെന്നാണ് ദക്ഷിണ കൊറിയന്‍ നിയമം.

ബിടിഎസ് ബാന്‍ഡിന്റെ സ്വീകാര്യത പരിഗണിച്ച് ബാന്ഡ് അംഗങ്ങള്‍ക്ക് ഇളവ് ലഭിച്ചേക്കുമെന്ന് വ്യാപകമായ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിന് വന്‍ സാമ്പത്തിക ലാഭമാണ് ബിടിഎസ് കൊണ്ടുവന്നത് എന്നത് കൂടി കണക്കിലെടുത്തായിരുന്നു പ്രചാരണം. എന്നാല്‍ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞകൊണ്ട് കഴിഞ്ഞ ഒക്ടോബറിലാണ് ഏഴംഗ ബാന്‍ഡിലെ ഏറ്റവും പ്രായം കൂടിയ ആളായ ജിന്‍ സൈനിക സേവനത്തിന് പോകുന്നതായി പ്രഖ്യാപിച്ചത്. 2022 ഡിസംബറിലാണ് ജിന്‍ സൈനിക സേവനം ആരംഭിച്ചത്. സ്ഥിരം സൈനിക ചുമതലകള്‍ക്ക് അയോഗ്യതയുള്ളതിനാല്‍ സുഗയ്ക്ക് സാമൂഹ്യ സേവന ഏജന്‍റ് ചുമതലയാണ് നല്‍കിയിരിക്കുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 തോളില്‍ ശസ്ത്രക്രിയ ചെയ്തത് മൂലമാണ് സ്ഥിരം സൈനിക ചുമതലകള്‍ക്ക് സുഗയ്ക്ക് അയോഗ്യത വന്നത്.

2025ല്‍ എല്ലാവരേയും കാണുമെന്നാണ് സമൂഹമാധ്യമങ്ങളിലെ അറിയിപ്പില്‍ സുഗ വിശദമാക്കുന്നത്. കെ പോപ് ഏജന്‍സിയായ ബിഗ് ഹിറ്റുമായി ബിടിഎസ് അംഗങ്ങള്‍ കരാര്‍ പുതുക്കിയെന്ന വാര്‍ത്തകള്‍ വന്നതിന് തൊട്ട് പിന്നാലെയാണ് സുഗയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ആർഎം, ജിൻ, സുഗ, ജെ ഹോപ്, ജിമിൻ, വി, ജങ് കുക്ക് എന്നിവരുടെ ബിടിഎസ് വ്യക്തിഗത ആൽബങ്ങളും പരിപാടികളുമായി മുന്നോട്ടു പോകുന്നു, ഗ്രൂപ്പ് ആക്ടിവിറ്റികളിൽ നിന്ന് ഒരിടവേളയെടുക്കുന്നുവെന്ന് 2022 ജൂണിലാണ് പ്രഖ്യാപിച്ചത്. തെക്കൻ കൊറിയൻ വിനോദമേഖലയിലെ ഏറ്റവും വലിയ വിജയചരിത്രമാണ് ബിടിഎസ് എന്ന ഗായകസംഘം. രണ്ട് തവണ ഗ്രാമി വേദിയിൽ പരിപാടി അവതരിപ്പിച്ച, രണ്ട് തവണ ഗ്രാമി നോമിനേഷൻ കിട്ടിയ, വൈറ്റ് ഹൗസ് സന്ദർശിച്ച, ബിൽബോർഡ് 200ൽ ഒന്നാമത് എത്തുന്ന, യുഎന്നിൽ പരിപാടി അവതരിപ്പിച്ച ഏക കൊറിയൻ പോപ് ഗ്രൂപ്പായ ബിടിഎസിന് കിട്ടിയത് എണ്ണമറ്റ അന്താരാഷ്ട്ര സംഗീത പുരസ്കാരങ്ങളാണ്. ഭൂഖണ്ഡങ്ങൾ അതിരുകൾ വരക്കാത്ത ആരാധകലോകം മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്തത്ര വലുതായിരുന്നു.

അന്താരാഷ്ട്ര തലത്തിൽ തെക്കൻ കൊറിയയുടെ സംഗീത മേൽവിലാസമായി സാമ്പത്തിക സ്ഥിതിയിലും നിർണായക സ്വാധീനമാണ് ബിടിഎസ് ചെലുത്തിയത്. ഏതാണ്ട് 3.6 ശതകോടി ഡോളർ ആണ് ബിടിഎസ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് നല്‍കിയ സംഭാവന. അതായത് 26 മധ്യവർഗ കമ്പനികളുടെ സാമ്പത്തിക സംഭാവനയാണ് ഏഴ് പയ്യൻമാരുടെ പാട്ടുസംഘം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിയിലേക്ക് എത്തിച്ചത്. രാജ്യത്ത് എത്തുന്ന 13 വിദേശസഞ്ചാരികളിൽ ഒരാൾ എന്ന കണക്കിലാണ് ബിടിഎസ് സ്വന്തം നാട്ടിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ബിടിഎസ് താരങ്ങളുടെ പേരിൽ ഒരു വർഷം വിറ്റുപോകുന്നത് ഏതാണ് 1.1 ശതകോടി ഡോളറിന്റെ ഉപഭോക്തൃവസ്തുക്കളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്