Latest Videos

Ilayaraja : തൃക്കടയൂർ അമൃതകടേശ്വരർ ക്ഷേത്രം സന്ദർശിച്ച് ഇളയരാജ, പൂർണകുംഭം നൽകി സ്വീകരണം

By Sujith ChandranFirst Published May 31, 2022, 8:45 PM IST
Highlights
തമിഴ്നാട്ടിലെ പ്രസിദ്ധമായ തൃക്കടയൂർ അമൃതകടേശ്വരർ ക്ഷേത്രം സന്ദർശിച്ച് പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ.

തമിഴ്നാട്ടിലെ പ്രസിദ്ധമായ തൃക്കടയൂർ അമൃതകടേശ്വരർ ക്ഷേത്രം സന്ദർശിച്ച് പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ. വ്യാഴാഴ്ച എൺപത് വയസ് തികയുന്ന ഇളയരാജ പിറന്നാൾ ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് ക്ഷേത്രത്തിലെത്തിയത്. ധർമപുരം അധീനത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രാചീനമായ തൃക്കടയൂ‍ർ ക്ഷേത്രം ആയുർദൈർഘ്യത്തിനായുള്ള പ്രത്യേക പൂജകൾക്ക് പ്രസിദ്ധമാണ്. ക്ഷേത്രഭരണസമിതി പൂർണകുംഭം നൽകി സംഗീതസംവിധായകനെ സ്വീകരിച്ചു. മക്കളായ കാർത്തിക് രാജയും ഭവതാരിണിയും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ അര നൂറ്റാണ്ടായി തമിഴ് ജനപ്രിയ സംഗീതത്തിന്‍റെ ചക്രവർത്തിയാണ് ഇളയരാജ. 1976-ൽ ദേവരാജ് മോഹൻ സംവിധാനം ചെയ്ത ‘അന്നക്കിളി’ എന്ന ചിത്രത്തിലൂടെയാണ് ഇളയരാജ ചലച്ചിത്രരംഗത്ത് എത്തിയത്. എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, മറാത്തി ഭാഷകളിലുമായി ഇതുവരെ ആയിരത്തിലധികം സിനിമകൾക്ക് അദ്ദേഹം സംഗീതമൊരുക്കി. തേനിക്കടത്ത് പന്നയപുരത്ത് ജനിച്ച രാസയ്യ ഇളയരാജ ആയ ചരിത്രം തെന്നിന്ത്യൻ മുഖ്യധാരാ സിനിമയുടെ കൂടി ചരിത്രമാണ്. തമിഴകത്തിന്‍റെ നാടൻ ഈണങ്ങളെ കർണാടക സംഗീതവുമായും പാശ്ചാത്യസംഗീതവുമായും വിളക്കിച്ചേർത്ത് ഇളയരാജയുടെ ശൈലി സിനിമാസംഗീതത്തെ അഗാധമാക്കി. ആ മാന്ത്രികവിരലുകളിൽ നിന്നും ഹൃദ്യമധുരമായ ഈണങ്ങളുടെ പിറവി ഇന്നും അനുസ്യൂതം തുടരുന്നു.

എക്‌സ്‌പോ 2020യെ സംഗീതസാന്ദ്രമാക്കാന്‍ ഇളയരാജ എത്തുന്നു

നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, ദേശീയ പുരസ്കാരം നാല് തവണ, കലൈ മാമണി, സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ, ലണ്ടൻ ട്രിനിറ്റി കോളേജിന്‍റെ സ്വർണ മെഡൽ. പദ്മ പുരസ്കാരങ്ങൾ അടക്കം എണ്ണമറ്റ പുരസ്കാരങ്ങൾ ആ സംഗീതയാത്രക്കിടെ വന്നുചേർന്നു. 2018ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

സ്റ്റൈൽ മന്നൻ രജനീകാന്തിനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് എൺപതാം പിറന്നാൾ എത്തുന്നത്. ഔദ്യോഗിക സ്ഥിരീകരണം എത്തിയില്ലെങ്കിലും കഴിഞ്ഞ ദിവസം നടന്ന ഇളയരാജ രജനി സന്ദർശനം ആരാധകർക്ക് നൽകിയത് വലിയ പ്രതീക്ഷകളാണ്. പതിനാറ് വയതിനിലെ, മുള്ളും മലരും, ദളപതി എന്നുതുടങ്ങി ഒട്ടേറെ രജനി സിനിമകൾക്കായി ഇളയരാജ നിത്യഹരിത ഗാനങ്ങളൊരുക്കിയിട്ടുണ്ട്.

ഇളയരാജയുടെ സംഗീതം, മോഹൻ ബാബു ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

ഇസൈജ്ഞാനിയുടെ എൺപതാം പിറന്നാളിന് വിപുലമായ പരിപാടികളാണ് തമിഴ് സംഗീത കലാ സാംസ്കാരികലോകം സംഘടിപ്പിച്ചിരിക്കുന്നത്. പിറന്നാൾ ദിവസം കോയമ്പത്തൂരിൽ നടക്കുന്ന സംഗീതപരിപാടിയിൽ ഇളയരാജ ഒരിടവേളയ്ക്ക് ശേഷം വേദിയിലെത്തും. സംഗീത രംഗത്തെ നിരവധി പ്രമുഖർ വേദിയിൽ ഇളയരാജ ഈണമിട്ട ഗാനങ്ങളുമായി എത്തും.

"

click me!