ഇളയരാജയുടെ 82-ാം പിറന്നാൾ: ഈണങ്ങളുടെ രാജാവ് ഇന്നും ഹിറ്റുകളുടെ ചേരുവയാകുന്ന രാജ സംഗീതം!

Published : Jun 03, 2025, 12:38 AM IST
ഇളയരാജയുടെ 82-ാം പിറന്നാൾ: ഈണങ്ങളുടെ രാജാവ് ഇന്നും ഹിറ്റുകളുടെ ചേരുവയാകുന്ന രാജ സംഗീതം!

Synopsis

ഇന്ത്യൻ സിനിമയുടെ സംഗീത ഇതിഹാസം ഇളയരാജയുടെ 82-ാം പിറന്നാൾ. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും രാജയുടെ ഈണങ്ങൾക്ക് പ്രായമാകുന്നില്ല. വിവാദങ്ങളുടെ തലക്കെട്ടിൽ നിറഞ്ഞാലും രാജാപ്പാട്ടുകൾക്ക് എന്നും ആരാധകരുണ്ട്.

ചെന്നൈ: ഇന്ത്യന്‍ സിനിമയുടെ സംഗീത ഇതിഹാസം ഇളയരാജയ്ക്ക് ഇന്ന് 82 ആം പിറന്നാള്‍. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും രാജയുടെ ഈണങ്ങള്‍ക്ക് പ്രായമാകുന്നില്ല.

വര്‍ഷം 1991. മണിരത്നത്തിന്‍റെ ദളപതി സിനിമയുടെ പാട്ടെഴുത്ത് നടക്കുന്നു. വാലിയാണ് പാട്ടെഴുതുന്നത്. ഇളയരാജ സംഗീതമൊരുക്കുന്നു. രാജ ട്യൂണ്‍ പറഞ്ഞുകൊടുത്തപ്പോള്‍ ചിന്നതായവള്‍ തന്ത രാസാവേ എന്ന് വാലി എഴുതി. ഈ വരികള്‍ കണ്ട് രാജയുടെ കണ്ണ് നിറഞ്ഞു. കാരണം ഇളയരാജയുടെ അമ്മയുടെ പേരായിരുന്നു ചിന്നതായ്.

1976 ൽ അന്നക്കിളിയില്‍ തുടങ്ങി സിനിമായാത്ര പല പതിറ്റാണ്ട് കഴിഞ്ഞിട്ടും അതേ പ്രതിഭയോടെ തുടരുന്നു എന്നതാണ് ഇളയരാജയെ രാജ്യം കണ്ട ഏറ്റവും മികച്ച സംഗീതജ്ഞരില്‍  ഒരാളായി മാറ്റുന്നത്. തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി 4600 ഓളം ഗാനങ്ങൾ.തലമുറകള്‍ മാറി വന്നിട്ടും രാജാപ്പാട്ടിന് തുല്യം രാജാപ്പാട്ട് മാത്രം.

എസ്പിബിയും ഇളയരാജയും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് സംഗീതസൗഹൃദത്തിന്റെ ഇളയനിലാപ്പാട്ടുകള്‍. യേശുദാസ് തൊട്ട് പുതുതലമുറ ഗായകര്‍ വരെ രാജയുടെ ഈണങ്ങള്‍ക്ക് ശബ്ദം നല്‍കി. 

ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയിൽ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനാണ് ഇളയരാജ. അഞ്ചുതവണ ദേശീയ പുരസ്കാരം, കേരള സര്‍ക്കാരിന്‍റെ പുരസ്കാരം മൂന്നുതവണ, തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം ആറുതവണ, പിന്നെയും ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങള്‍, രാജ്യം പത്മഭൂഷണും പത്മവിഭൂഷണും രാജ്യസഭ അംഗത്വവും നല്‍കി ആദരിച്ച പ്രതിഭ.

സംഗീതത്തിന്റെ രാജരാജയായി നിറയുമ്പോഴും വലിയ വാശികള്‍ അദ്ദേഹത്തെ വിവാദ നായകനുമാക്കി. പാട്ടുകളുടെ അവകാശത്തര്‍ക്കത്തില്‍ അടുത്ത സുഹൃത്ത് എസ് പി ബാലസുബ്രഹ്മണ്യത്തോട്  പോലും വിട്ടുവീഴ്ച കാണിച്ചില്ല ഇളയരാജ. മഞ്ഞുമ്മല്‍ ബോയ്സ് മുതല്‍ അവസാനം ഗുഡ് ബാഡ് അഗ്ലിവരെ തുടരുന്നു രാജയുടെ നിയമ പോരാട്ടങ്ങള്‍.

ഈ 82 ആം വയസ്സിലും വിവാദങ്ങളുടെ തലക്കെട്ടില്‍ രാജ നിറയുമ്പോഴും ആ പാട്ടുകളെക്കുറിച്ച് സംഗീത പ്രേമികള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല.  ഈ 2025ലെ സൂപ്പർഹിറ്റുകളിലും രാജാപ്പാട്ട് കൂടിയേതീരൂ എന്ന അവസ്ഥയക്ക് അപ്പുറം ആ പ്രതിഭയക്ക് മറ്റെന്ത് അടയാളം വേണം.
 

PREV
Read more Articles on
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ