
ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധനേടിയ ജേക്കബ് ബ്രദേഴ്സിന്റെ പുതിയ തമിഴ് സംഗീത വീഡിയോ ശ്രദ്ധനേടുന്നു. 'ദ ക്വീൻ' എന്ന് പേര് നൽകിയിരിക്കുന്ന ഗാനം, എഐ സാങ്കേതിക വിദ്യയുടേയും വിഎഫ്എക്സിന്റെയും സഹായത്തോടെയാണ് അണിയിച്ച് ഒരുക്കിയിരിക്കുന്നത്. സിനിമാറ്റിക് ദൃശ്യങ്ങളും സംഗീതവും സമന്വയിപ്പിച്ച ഈ ഗാനം പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. എഐയിലൂടെയാണ് ഓഡിയോയും സെറ്റ് ചെയ്തിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
ജേക്കബ് ബ്രദേഴ്സിലെ ഷാനു എസ് ജേക്കബ് ആണ് ഈ ദൃശ്യാവിഷ്കാരം ഒരുക്കിയത്. അദ്ദേഹത്തിന്റെ ഭാര്യയായ ആൽബി ആന്റണി ആണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഇന്നത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വലിയ ബജറ്റ് ഇല്ലാതെയും ഉയർന്ന നിലവാരത്തിലുള്ളതുമായ സിനിമാറ്റിക് ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയുന്നുവെന്നും ഇത്തരത്തിലുള്ള സൃഷ്ടികൾ ഭാവിയിലെ സിനിമയേയും സംഗീത വീഡിയോ മേഖലയേയും പുതിയ രീതിയിൽ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിരുവനന്തപുരത്തെ ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷനിൽ വിഎഫ്എക്സ് ഫാക്കൽറ്റി കൂടിയായ ഷാനു ജേക്കബ് പറഞ്ഞു.
ഷോർട് ഫിലിമിനോടുള്ള ആഗ്രഹം കാരണം ഇതുവരെ മുപ്പതോളം ചിത്രങ്ങൾ ഒരുക്കിയവരാണ് ജേക്കബ് ബ്രദേഴ്സ്. എല്ലാ ഷോർട് ഫിലിമുകളിലും ഈ സഹോദരങ്ങൾ തന്നെയാണ് സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്. സകൂടുംബം എന്ന പേരിൽ ഒരു സിരീസും ഇവർ പുറത്തിറക്കിയിരുന്നു. ജേക്കബ് ബ്രദേഴ്സിൽ ഷാനു എസ് ജേക്കബ് ഒരുക്കിയ ഷോർട് ഫിലിം ആയിരുന്നു തഹാറൂഷ് ജമായ്. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി ഒരുക്കിയ ഷോർട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ഫോർ എക്സലൻസ് ലഭിച്ചു. കൂടാതെ മീഡിയ സിറ്റി ഷോർട് ഫിലിം ഫെസ്റ്റിവലിലും അവാർഡും ഈ സഹോദരങ്ങൾ കരസ്ഥമാക്കി. ജേക്കബ് ബ്രദേഴ്സ് അണിയിച്ചൊരുക്കിയ 'വേൾഡ് എന്‍ഡ്'എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.