സംവിധാനത്തിനൊപ്പം സംഗീത സംവിധാനവും രതീഷ് വേഗ; ജയസൂര്യയുടെ 'ത്രാളി'ലെ ആദ്യ ഗാനം 'ജയ് ഹോ' എത്തി

Published : Aug 15, 2026, 09:26 AM IST
Jai Ho Lyrical Video from Operation Tral malayalam movie jayasurya

Synopsis

ജയസൂര്യ നായകനാകുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ഓപ്പറേഷൻ ത്രാൾ' എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ആദ്യ ഗാനം പുറത്തിറങ്ങി.

ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘ജയ് ഹോ’ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന ഗാനം ശക്തമായ ദേശഭക്തിയുടെ വികാരമാണ് പകരുന്നത്. ‘ധുരന്ധർ’ സിനിമയിലെ ഗാനങ്ങൾ പാടി ശ്രദ്ധേയനായ സുധീർ യദുവൻഷിയാണ് ഗാനത്തിന് ശബ്‍ദം നൽകിയിരിക്കുന്നത്.

‘ജയ് ഹോ’ എന്ന പേര് ഇന്ത്യയിലെ ജനങ്ങൾക്ക് ദേശഭക്തിയുടെയും ആവേശത്തിന്‍റെയും വിജയത്തിന്‍റെയും ഓർമ്മകൾ സമ്മാനിക്കുന്നതാണ്. ലോകമെമ്പാടും തരംഗം സൃഷ്ടിച്ച എ.ആർ. റഹ്മാന്‍റെ ‘ജയ് ഹോ’യ്ക്ക് ശേഷം, അതേ പേരിൽ ‘ഓപ്പറേഷൻ ത്രാളി’ലൂടെ ഒരു പുതിയ ഗാനം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പേരിലെ സാമ്യം കൗതുകമുണർത്തുമ്പോഴും ചിത്രത്തിന്‍റെ പ്രമേയത്തിനും പശ്ചാത്തലത്തിനും അനുയോജ്യമായ തികച്ചും വ്യത്യസ്തമായ സംഗീതാനുഭവമാണ് ‘ജയ് ഹോ’ ഒരുക്കുന്നത്. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും പ്രതിഫലിപ്പിക്കുന്ന വരികൾ ഗാനത്തെ ചിത്രത്തിന്‍റെ പ്രമേയത്തോട് ചേർത്തുനിർത്തുന്നു.

‘ധുരന്ധർ’ ടൈറ്റിൽ ട്രാക്കിലൂടെ വലിയ ശ്രദ്ധ നേടിയ സുധീർ യദുവൻഷി, ‘ധുരന്ധർ: ദി റിവഞ്ചി’ലെ ‘ആരി ആരി’ ഉൾപ്പെടെയുള്ള ഗാനങ്ങളിലൂടെയും ജനപ്രീതി നേടിയിട്ടുണ്ട്. ‘ധുരന്ധർ’ ടൈറ്റിൽ ട്രാക്ക് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്‍റെ ഗാനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വലിയ സ്ട്രീമിംഗ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സുധീർ യദുവൻഷിയുടെ ശബ്ദം ‘ജയ് ഹോ’യുടെ ദേശഭക്തി ഭാവത്തിന് കൂടുതൽ കരുത്തേകുന്നു. ഇർഷാദ് ദലാൽ ആണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന രതീഷ് വേഗ തന്നെയാണ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ശർമ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, നന്ദലാൽ കൃഷ്ണമൂർത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, സിറാജുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്‍റെ പാൻ-ഇന്ത്യൻ താരനിരയുടെ ഭാഗമായി ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാർ, യഷ്പാൽ ഗേര, മിർ സർവർ, ചന്ദൻ ബിഷ്ത്, ഹൻസിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂർ, വിജയ് ത്രിവേദി, മൻഹർ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിന്റെ സന്തതികൾ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ‘ഓപ്പറേഷൻ ത്രാൾ’ നിർമ്മിക്കുന്നത്. സുനിമോൾ ജോബി സഹനിർമ്മാതാവാണ്. ദേശീയ ഇൻ്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ഓപ്പറേഷൻ ത്രാൾ’. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വലിയ ആക്ഷൻ രംഗങ്ങൾക്കും ശക്തമായ ദേശസ്നേഹ പ്രമേയത്തിനുമൊപ്പം ഇൻ്റലിജൻസ് ഓപ്പറേഷനുകളുടെ ലോകവും ചിത്രം അവതരിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'നിന്നരികില്‍ ഞാനെത്താം'; 'ആലി'യിലെ വീഡിയോ ഗാനം പുറത്തെത്തി
ജേക്സ് ബിജോയ് മാജിക്; തുടക്കത്തിലെ 'ഇന്‍ ദി ഷാഡോസ്' ഒഎസ്‍ടി എത്തി