
മലയാള സിനിമയിൽ പുത്തൻ ചരിത്രം സൃഷ്ടിച്ച ലോക ചാപ്റ്റർ 1 ചന്ദ്രയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. 'ചിറാ പുഞ്ചി ഈ മഴയത്ത്' എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ഹനാൻ ഷാ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 'നീയേ പുഞ്ചിരി..' എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സുഹൈൽ കോയ ആണ് രചന. ഇംഗ്ലീഷ് വരികൾ എഴുതി ആലപിച്ചിരിക്കുന്നത് റയാൻ ആണ്. ഇതിനോടകം തന്നെ ഈ ഗാനം മലയാളികളുടെ പ്രിയങ്കരമായി കഴിഞ്ഞു.
ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. അരുണ്‍ ഡൊമനിക് സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു. ആദ്യദിനം മുതല്‍ പോസിറ്റീവ് റിവ്യൂ ലഭിച്ച ലോക, പിന്നീട് 300 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമായി മാറുകയായിരുന്നു. നിലവില്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രമായും മാറിയ "ലോക" മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യണിൽ കൂടുതൽ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും "ലോക" സ്വന്തമാക്കിയിരുന്നു.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ " ലോക ചാപ്റ്റർ 2" അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ.