'മാലിക്കി'ലെ ആ മധുരശബ്ദത്തിന് പിന്നിലെ നാലാം ക്ലാസുകാരി ഇതാ ഇവിടെയുണ്ട്

By Nithya RobinsonFirst Published Jul 19, 2021, 10:03 AM IST
Highlights

മമ്പാട്ടു മൂല ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിനിയാണ് ഹിദ. 

പെട്ടെന്നൊരു ദിവസം താരമായി മാറിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ഹിദ. ഈ കൊച്ചുമിടുക്കി എങ്ങനെയാണ് താരമായതെന്നല്ലേ? ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ മാലിക്കിൽ ഹിദയുടെ ഒരു പാട്ടുണ്ട്. സിനിമയുടെ ഒടുവിലുള്ള സൂഫി വരികൾക്ക് പിന്നിലെ മനോഹര ശബ്ദം ഹിദയാണ്. സിനിമയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നതിനിടെ ഹിദയുടെ ആലാപനവും ശ്രദ്ധനേടുകയാണ്.  

മലപ്പുറം ചോക്കാടു സ്വദേശിയായ സക്കീർ-റുക്സാന ദമ്പതികളുടെ മകളാണ് ഹിദ. മകളുടെ പാട്ട് ബിഗ്സ്ക്രീനിൽ കേട്ടതിന്റെ സന്തോഷത്തിലാണ് ഈ മാതാപിതാക്കളും. മാസങ്ങൾക്ക് മുമ്പ് താൻ പാടിയ ആ നാലുവരികൾ മാലിക്കിലേക്ക് വേണ്ടിയാണെന്നോ ഇത്രയും ശ്രദ്ധനേടുമെന്നോ ഹിദയും വീട്ടുകാരും സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ആ പാട്ടിന് പിന്നിലെ കഥയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് ഹിദ.  

"എനിക്ക് രണ്ട് സഹോദരിമാരാണ്. അവരും പാട്ടുപാടും. റിഫ (മൂത്ത സഹോദരി) താത്തയ്ക്കൊപ്പം പാട്ട് ചിട്ടപ്പെടുത്താനായി സംഗീത സംവിധായകൻ ഹനീഫ മുടിക്കോടിനടുത്തേക്ക് പോയതായിരുന്നു ഞാൻ. അന്ന് സിനിമയിലേക്ക് വേണ്ടിയാണെന്ന് പറഞ്ഞ് എന്നെ കൊണ്ടും അവർ പാടിപ്പിച്ചു. പടത്തിന്റെ പേരൊന്നും പറഞ്ഞിട്ടില്ലായിരുന്നു. സിനിമ ഇറങ്ങിയ ശേഷമാണ് മാലിക്കിന് വേണ്ടിയാണെന്ന് അറിയുന്നത്. ക്ലൈമാക്സ് ഭാഗത്താണ് എന്റെ പാട്ടുള്ളത്. കണ്ടപ്പോ ഭയങ്കര സന്തോഷമായി. സിനിമ കണ്ട് കരഞ്ഞുപോയി. ഞാൻ പാട്ട് പഠിച്ചിട്ടൊന്നും ഇല്ല. റിഫ താത്ത ചെറിയ രീതിയിൽ കർണ്ണാട്ടിക് പഠിച്ചിട്ടുണ്ട്. ചെറിയ രീതിയിൽ താത്ത എനിക്ക് പറഞ്ഞുതരും. സ്കൂൾ കലോത്സവത്തിനൊക്കെ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. വലിയൊരു പാട്ടുകാരി ആകണമെന്നാണ് ആഗ്രഹം." ചെറുപുഞ്ചിരിയോടെ ഹിദ പറയുന്നു.

ഇതാദ്യമായല്ല കുഞ്ഞു ഹിദ സിനിമയ്ക്ക് വേണ്ടി പാടുന്നത്. ജയസൂര്യയും നമിത പ്രമോദും അഭിനയിക്കുന്ന നാദിർഷ ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ട്. അമൃത ടിവിയിലെ റെഡ് കാർപ്പറ്റ് എന്ന ഷോയിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഓണം റിലീസ് ആയി  ചിത്രം എത്തുമെന്നാണ് അറിഞ്ഞത്.  ഇനിയും സിനിമകളിൽ അവസരം വന്നാൽ പാടാൻ റെഡിയാണെന്ന് ഹിദ പറയുന്നു.  

മകളുടെ പാട്ട് ബിഗ് സ്ക്രീനിൽ കേട്ട സന്തോഷത്തിലാണ് ഹിദയുടെ പിതാവ് സക്കീറും."ഞാൻ സിനിമ കണ്ടിട്ടില്ല. മക്കളാണ് ഹിദയുടെ പാട്ടിന്റെ ഭാഗം മാത്രം ഇട്ടുതന്നത്. എല്ലാവരും പറയുമ്പോലെ നാലുവരിയാണെങ്കിലും സിനിമ കണ്ടവരാരും ആ പാട്ട് മറക്കില്ല. ചിത്ര ചേച്ചിയുടെ പേരൊക്കെ സ്ക്രീനിൽ എഴുതി വരുമ്പോലെ ഹിദയുടെ പേര് എഴുതി കാണിക്കുമ്പോൾ നമ്മളെ പോലത്തെ സാധാരണക്കാർക്ക് ലോട്ടറി അടിച്ച ഫീലാണ്", ശബ്ദം ഇടറിക്കൊണ്ട് സക്കീർ പറഞ്ഞുനിർത്തി.

"റിഫയുടെ കൂട്ടുകാരുടെ വാട്സാപ്പ് സ്റ്റാറ്റസുകൾ കണ്ടപ്പോഴാണ് മോളുപാടിയ പാട്ട് വൈറലാണെന്ന് അറിയുന്നത്. മൂന്ന് മക്കളും പാട്ടുകാരാണ്. അവർക്ക് അവസരം ലഭിക്കുകയാണെങ്കിൽ സിനിമയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ തയ്യാറാണ്. ഹിദയെ തുടർന്ന് പാട്ട് പഠിപ്പിക്കണമെന്നാണ് ആഗ്രഹം", സക്കീർ കൂട്ടിച്ചേർത്തു.  

ഒരു നിർധന കുടുംബമാണ് ഹിദയുടേത്. റിഫ, നിദ എന്നിവരാണ് സഹോദരങ്ങൾ. റിഫ പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയാണ്. നിദ ഇപ്പോൾ പത്ത് കഴിഞ്ഞു. മമ്പാട്ടു മൂല ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിനിയാണ് ഹിദ. റിഫ ചെറിയ രീതിയിലുള്ള പാരഡി, സ്റ്റുഡിയോ വർക്കുകൾക്കൊക്കെ പോകാറുണ്ട്. റുക്സാനയാണ് ഇവരുടെ അമ്മ. കൂലിപ്പണിയെടുത്താണ് അ‍ഞ്ച് പേരടങ്ങുന്ന കുടുംബത്തെ സക്കീർ പോറ്റുന്നത്. കൊവിഡ് കാരണം ഇപ്പോൾ ജോലികളൊന്നും ഇല്ലെങ്കിലും മക്കളുടെ വളർച്ചയിൽ വളരെയധികം സന്തുഷ്ടനാണ് ഈ പിതാവ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!