സ്ക്രീനില്‍ അനില്‍ നെടുമങ്ങാട്; നെറ്റ്ഫ്ളിക്സ് റിലീസിനു പിന്നാലെ 'നായാട്ടി'ലെ വീഡിയോ ഗാനം

By Web TeamFirst Published May 9, 2021, 6:52 PM IST
Highlights

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്. പാടിയിരിക്കുന്നത് ആന്‍റണി ദാസന്‍.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത 'നായാട്ടി'ലെ വീഡിയോ സോംഗ് പുറത്തെത്തി. 'മറുകര തേടും' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്. പാടിയിരിക്കുന്നത് ആന്‍റണി ദാസന്‍.

ഏപ്രില്‍ 8ന് തിയറ്ററുകളിലെത്തി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇന്ന് നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. പിന്നാലെയാണ് വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. പ്രേക്ഷകരില്‍ ചിലര്‍ക്ക് വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മ കൂടി സമ്മാനിക്കാന്‍ സാധ്യതയുള്ളതാണ് ഈ ഗാനത്തിലെ ചില ദൃശ്യങ്ങള്‍. അന്തരിച്ച നടന്‍ അനില്‍ പി നെടുമങ്ങാടിന്‍റെ സാന്നിധ്യമാണ് അത്. അനിലിനെ വീണ്ടും സ്ക്രീനില്‍ കാണാനായതിലെ സന്തോഷവും സങ്കടവുമൊക്കെ പ്രേക്ഷകരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. 

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ 'ജോസഫി'ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. 'ചാര്‍ലി' പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് പുതിയ ചിത്രവുമായി എത്തുന്നത്. 

click me!