
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തിയ ഹൃദയപൂർവ്വം സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. വെൺമതി എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാലിനൊപ്പം മാളവിക മോഹനനെയും വീഡിയോയിൽ കാണാം. ജസ്റ്റിൻ പ്രഭാകർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാം ആണ്.
അതേസമയം, ഹൃദയപൂർവ്വം റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. ഓഗസ്റ്റ് 28ന് ആയിരുന്നു ഹൃദയപൂര്‍വ്വത്തിന്‍റെ തിയറ്റര്‍ റിലീസ്.
ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിച്ചിരുന്നു. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്.
സത്യൻ അന്തിക്കാടിന്‍റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിൻ പ്രഭാകർ, കലാസംവിധാനം: പ്രശാന്ത് നാരായണൻ, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകർ: ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ: ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, സ്റ്റിൽസ്: അമൽ സി സദർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.