
പുതുതലമുറ സിനിമാപ്രേമികളുടെ മനസറിയാവുന്ന ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം (Vikram Movie) കോളിവുഡിന് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നായിരുന്നു എന്നത് ശരി തന്നെ. പക്ഷേ ഇത്തരത്തില്‍ ഒരു സ്വീകാര്യത ചിത്രത്തിന്‍റെ അണിയറക്കാര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കമല്‍ ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയം എന്നു മാത്രമല്ല, തമിഴ് ചിത്രങ്ങളുടെ പല കളക്ഷന്‍ റെക്കോര്‍ഡുകളും ചിത്രം പഴംകഥയാക്കി. ഒപ്പം കൊവിഡിനു ശേഷമുള്ള ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നുമായി വിക്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ചിത്രത്തില്‍ കമല്‍ ഹാസന്‍റെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. പത്തല പത്തല എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്ന അനിരുദ്ധ് രവിചന്ദറിനൊപ്പം ആലപിച്ചിരിക്കുന്നതും കമല്‍ ഹാസനാണ്. കമലിന്‍റെ നൃത്തച്ചുവടുകളും ഗാനരംഗങ്ങളിലെ ആകര്‍ഷണമാണ്. തിയറ്ററുകളില്‍ വലിയ ആരവും സൃഷ്ടിക്കാന്‍ കഴിഞ്ഞ ഗാനവുമാണിത്.
ALSO READ : സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി; 'കടുവ' റിലീസ് പ്രതിസന്ധി നീളുന്നു
കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.