'പുലര്‍കാലമേഘം വന്ന'; വിദ്യാധരന്‍ മാസ്റ്ററുടെ മനോഹര ഈണം; 'സ്റ്റേറ്റ് ബസി'ലെ പാട്ടെത്തി

By Web TeamFirst Published Sep 12, 2022, 1:18 PM IST
Highlights

പ്രശാന്ത് പ്രസന്നന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. വിജയ് യേശുദാസിന്‍റെ ആലാപനം

മലയാളി സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഈണത്തിലെത്തിയ പുതിയ മെലഡിയും സംഗീത പ്രേമികളുടെ ശ്രദ്ധ നേടുകയാണ്. സ്റ്റേറ്റ് ബസ് എന്ന ചിത്രത്തിനുവേണ്ടി വിദ്യാധരന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. പ്രശാന്ത് പ്രസന്നന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

ചന്ദ്രന്‍ നരീക്കോട് ആണ് ചിത്രത്തിന്‍റെ സംവിധാനം. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ പാതി എന്ന ചിത്രത്തിനു ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്. സന്തോഷ് കീഴാറ്റൂര്‍, വിജിലേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്റ്റുഡിയോ സി സിനിമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഘര്‍ഷഭരിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ സാമൂഹിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ട്രാവല്‍മൂവിയെന്നാണ് ചിത്രത്തെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം കുടുംബപശ്ചാത്തലത്തിലുള്ള ചിത്രവുമാണിത്. 

ALSO READ : ആ​ഗോള ഓപണിം​ഗില്‍ 'വിക്ര'ത്തെയും മറികടന്ന് 'ബ്രഹ്‍മാസ്ത്ര'; ഈ വര്‍ഷത്തെ ഇന്ത്യന്‍ ചിത്രങ്ങളില്‍ നാലാമത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പൊലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ മോഹന്‍ സിത്താര പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി എന്നിവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കഥ, തിരക്കഥ പ്രമോദ് കൂവേരി, ഛായാഗ്രഹണം പ്രസൂണ്‍ പ്രഭാകര്‍, സംഗീതം വിദ്യാധരന്‍ മാസ്റ്റര്‍, എഡിറ്റിംഗ് ഡീജോ പി വര്‍ഗ്ഗീസ്, മേക്കപ്പ് പീയൂഷ് പുരുഷു, കലാസംവിധാനം മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈനര്‍ ധീരജ് ബാല, വസ്ത്രാലങ്കാരം വിജേഷ് വിശ്വം, ടൈറ്റില്‍ ഡിസൈന്‍ ശ്രീനി പുറയ്ക്കാട്ട, വി എഫ് എക്സ് ജയേഷ് കെ പരമേശ്വരന്‍, കളറിസ്റ്റ് എം മഹാദേവന്‍, പി ആര്‍ ഒ പി ആര്‍ സുമേരന്‍, സബ്ടൈറ്റില്‍സ് ആര്‍ നന്ദലാല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിനോദ്കുമാര്‍ വി വി, ഗാനരചന എം ഉണ്ണികൃഷ്ണന്‍, പ്രശാന്ത് പ്രസന്നന്‍, സുരേഷ് രാമന്തളി, ഗായകര്‍ വിജയ് യേശുദാസ്, വിദ്യാധരന്‍ മാസ്റ്റര്‍, ജിന്‍ഷ ഹരിദാസ് സ്റ്റിൽസ് വിനോദ് പ്ലാത്തോട്ടം.

click me!