
രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു. 'ചികിട്ടു' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കിയ ഗാനത്തിൽ അദ്ദേഹം തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിരുദ്ധിന്റെ മാസ് ഗെറ്റപ്പിനൊപ്പം നടൻ ടി രാജേന്ദറും കൊറിയോഗ്രാഫർ സാന്റി മാസ്റ്ററും എത്തുന്നുണ്ട്. ടി രാജേന്ദർ, അറിവ്, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അറിവ് ആണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14ന് രജനികാന്ത് ചിത്രം പ്രദര്‍ശനത്തിന് എത്തും. രജനികാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എംജിആർ, മോനിഷ ബ്ലെസി, കാളി വെങ്കട്ട് എന്നിവർ അഭിനയിക്കുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന കൂലിയുടെ ബജറ്റ് 350 കോടിയെന്നാണ് റിപ്പോർട്ടുകൾ.
രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. ടി ജെ ജ്ഞാനവേല്‍ ആയിരുന്നു സംവിധാനം. ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്ക് ഉണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയവരും വേഷമിട്ടു.