'സെരിപ്പ് കയട്ടി അടിച്ചിരിക്കണം', സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് പാർട്ടി ക്ലാസ് എടുക്കണം: രൂക്ഷ പ്രതികരണവുമായി ചിന്മയി

Published : May 09, 2026, 06:33 PM IST
chinmayi sripada

Synopsis

കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്ണയെ സമ്മതമില്ലാതെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതിനെ ഗായിക ചിന്മയി ശ്രീപദ വിമർശിച്ചു. അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾക്ക് ശക്തമായി പ്രതികരിക്കാൻ കഴിയാത്തതിൻ്റെ ചിന്മയി വിശദീകരിച്ചു.

കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ വീഡിയോ ഏറെ വൈറലായിരുന്നു. ഒപ്പം വിവാദവും വിമർശനങ്ങളും ചെറിയാനെതിരെ ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ​ഗായിക ചിന്മയി ശ്രീപദ. സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ തടയാനുള്ള ആഭ്യന്തര കമ്മിറ്റികൾ രാഷ്ട്രീയ പാർട്ടികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന ക്ലാസ് പാർട്ടി എടുത്തുകൊടുക്കണമെന്നും ചിന്മയി പരിഹാസത്തോടെ പറഞ്ഞു.

ചിന്മയി ശ്രീപദയുടെ വാക്കുകൾ ഇങ്ങനെ

കേരളത്തിലെ ഒരു പുരുഷ കോൺഗ്രസുകാരനും ഒരു സ്ത്രീ കോൺ​ഗ്രസുകാരിയും തമ്മിലുള്ളൊരു വീഡിയോയെ കുറിച്ചാണ് ഞാൻ പറയുന്നത്. ഈ വീഡിയോ കൺസെന്റ് എന്താണ് എന്നത് നിങ്ങളെ പഠിപ്പിക്കും. തന്നെ കെട്ടിപ്പിടിക്കാൻ വന്ന ആളെ(ചെറിയാൻ ഫിലിപ്പ്) അവർ(ബിന്ദു കൃഷ്ണ) തള്ളിമാറ്റുന്നുണ്ട്. അവർക്ക് അതിനോട് താല്പര്യമില്ലെന്ന സൂചന വളരെ വ്യക്തവും കൃത്യവുമായി തന്നെ അതിലൂടെ നൽകി. എന്നിട്ടും അയാൾ അവരെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റൊരാൾ ഇയാളോട് എന്തിന് ഇങ്ങനെ ചെയ്യുന്നു എന്നോ മറ്റോ പറയുന്നത് കാണാം. അതിൽ എനിക്ക് വ്യക്തതയില്ല.

അവർ(ബിന്ദു കൃഷ്ണ) ദേഷ്യപ്പെടുന്നില്ല, ചിരിക്കുക​യാണല്ലോ, അത്രയും വിനയമൊന്നും കാണിക്കേണ്ടിയിരുന്നില്ല, ചെരുപ്പ് ഊരി അടിച്ചൂടായിരുന്നോ എന്നൊക്കെ സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾ ഇങ്ങനെ ഒക്കെ ചെയ്യണമെന്നാണ് കമന്റിടുന്നവർ കരുതുന്നത്. എന്നാൽ ഇതൊന്നും യഥാർത്ഥ ജീവിതത്തിൽ നടക്കാൻ പോകുന്നില്ല. ഇനി സ്ത്രീകൾ രൂക്ഷമായി പ്രതികരിച്ചാൽ തന്നെ കൊലചെയ്യപ്പെട്ടേക്കാം, ആസിഡ് ആ​ക്രമണം നേരിട്ടേക്കാം, കഷണങ്ങളാക്കി ആസിഡ് വീപ്പയിൽ ലയിപ്പിച്ചേക്കാം, കൂട്ട ബലാത്സം​ഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കിൽ ജോലിയിൽ നിന്നും പുറത്താക്കും. പ്രതികരിക്കുന്ന സ്ത്രീകൾ ഇങ്ങനെ പലതരത്തിലുള്ള ഒരുപാട് ക്രൂരതകൾ അനുഭവിക്കേണ്ടിയും നേരിടേണ്ടിയും വരും.

സമാധനത്തോടെ ജീവിക്കാൻ ഞങ്ങൾക്ക് ചിലതൊക്കെ മനഃപൂർവ്വം ഒഴിവാക്കേണ്ടി വരും. അല്ലാതെ സിനിമാ രം​ഗങ്ങളേ പോലുള്ള പ്രതികരണങ്ങളൊന്നും സ്ത്രീകളിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കരുത്. 'സെരിപ്പ് കയട്ടി അടിച്ചിരിക്കണം' എന്ന രീതിയിലാണ് പ്രതികരിക്കേണ്ടതെന്ന് ആരും കരുതരുത്. അതാണ് ആ സ്ത്രീയോട് കാണിക്കേണ്ട മിനിമം മര്യാദ.

സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ തടയാനുള്ള ആഭ്യന്തര കമ്മിറ്റികൾ രാഷ്ട്രീയ പാർട്ടികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന ക്ലാസ് പാർട്ടി എടുത്തുകൊടുക്കണം. ഇത്തരക്കാരാണ് നമുക്ക് വേണ്ടി നയങ്ങൾ രൂപീകരിക്കുന്നതെന്നത് അത്ഭുതത്തോടെ ഞാൻ നോക്കുകയാണ്. ഇവരൊക്കെ ഇന്ത്യയിലെ റേപ്പ് കൾച്ചറിനെതിരെ എങ്ങനെ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്? ടഫ് ആയ കാര്യമാണത്.

PREV
Read more Articles on
click me!

Recommended Stories

കയാല്‍ ചന്ദ്രനൊപ്പം മലയാളി നായികമാര്‍; 'സിന്‍ഗ'യിലെ വീഡിയോ ഗാനം എത്തി
'സമ്മതിദായകൻ്റെ മുഖത്തെ കടുത്ത തീരുമാനം, അതാണ് ഭൂരിപക്ഷങ്ങളിലും തകർന്നടിഞ്ഞ കോട്ടകളിലും ദൃശ്യമാകുന്നത്'