'ഒരുമിച്ചു നില്‍ക്കേണ്ട സമയം'; എസ്‍പിബി അന്ന് മലയാളികള്‍ക്കായി പാടി

By Web TeamFirst Published Sep 25, 2020, 9:16 PM IST
Highlights

തമിഴില്‍ വൈരമുത്തുവും കന്നഡയില്‍ കൈകിനിയും അതിനായി വരികള്‍ ഒരുക്കിയപ്പോള്‍ മലയാളത്തില്‍ ആ ഗാനത്തിന് വരികള്‍ കുറിച്ചത് റഫീഖ് അഹമ്മദ് ആയിരുന്നു. എസ്‍പിബി ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റദിവസംകൊണ്ട് വരികള്‍ എഴുതി റഫീഖ് അയച്ചുകൊടുക്കുകയായിരുന്നു.

എസ് പി ബാലസുബ്രഹ്മണ്യം എന്ന വിഖ്യാതഗായകന്‍റെ വേര്‍പാട് തീര്‍ത്ത ആഘാതത്തിലാണ് ഇന്ത്യയൊട്ടുക്കുമുള്ള സംഗീതപ്രേമികള്‍. 16 ഇന്ത്യന്‍ ഭാഷകളിലായി നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച അദ്ദേഹത്തിന് ആ ഭാഷകളിലൊക്കെയും എണ്ണമില്ലാത്ത ആരാധകരുണ്ട്. ഇപ്പോഴിതാ മരണശേഷം അദ്ദേഹത്തിന്‍റെ നിരവധി ഗാനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്ന് എസ്‍പിബി തന്നെ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പോസ്റ്റ് ചെയ്തതാണ്.

കൊവിഡ് ഭീതി ആരംഭിച്ച സമയത്ത് മലയാളമുള്‍പ്പെടെ നാല് തെന്നിന്ത്യന്‍ ഭാഷകളിലും കൊവിഡ് ബോധവല്‍ക്കരണാര്‍ഥം അദ്ദേഹം സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആലപിച്ചിരുന്നു. തമിഴില്‍ വൈരമുത്തുവും കന്നഡയില്‍ കൈകിനിയും അതിനായി വരികള്‍ ഒരുക്കിയപ്പോള്‍ മലയാളത്തില്‍ ആ ഗാനത്തിന് വരികള്‍ കുറിച്ചത് റഫീഖ് അഹമ്മദ് ആയിരുന്നു. എസ്‍പിബി ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റദിവസംകൊണ്ട് വരികള്‍ എഴുതി റഫീഖ് അയച്ചുകൊടുക്കുകയായിരുന്നു.

ഏപ്രില്‍ മൂന്നിന് സ്വന്തമായി ചിട്ടപ്പെടുത്തിയ ആ വരികള്‍ സ്വയം ആലപിക്കുന്നതിന്‍റെ വീഡിയോ എസ് പി ബി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. "ഒരുമിച്ചു നില്‍ക്കേണ്ട സമയം, ഇത് പൊരുതലിന്‍റെ കരുതലിന്‍റെ സമയം", എന്നിങ്ങനെയാണ് ഗാനം പുരോഗമിക്കുന്നത്. അര ലക്ഷത്തിലേറെ കാഴ്ചകള്‍ നേടിയിരുന്ന ഈ ഗാനം പ്രിയഗായകന്‍റെ ഓര്‍മ്മ പങ്കുവച്ച് ആരാധകരില്‍ പലരും ഇപ്പോഴും പങ്കുവെയ്ക്കുന്നുണ്ട്. നാല് മാസത്തിന് അപ്പുറം ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ എസ്‍പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

click me!