
മലയാളികൾക്ക് ഒട്ടനവധി മികച്ച ഗായകരെ സമ്മാനിച്ച റിയാലിറ്റി ഷോയാണ് സ്റ്റാർ സിംഗർ. ഓരോ സീസണിലും പുതുമുഖരായ മത്സരാർത്ഥികളെ അവതരിപ്പിച്ച്, അവരുടെ മാധുര്യമൂറുന്ന ശബ്ദങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് ജൈത്രയാത്ര തുടരുന്ന ഷോയുടെ പത്താം സീസൺ ആണ് നിലവിൽ നടക്കുന്നത്. ഒരു കൂട്ടം കഴിവുറ്റ ഗായകരാണ് ഷോയിൽ മാറ്റുരയ്ക്കുന്നതും. അക്കൂട്ടത്തിലെ പ്രധാനിയാണ് സൂര്യ നാരായണൻ. കുട്ടിക്കാലത്ത് മറ്റ് റിയാലിറ്റി ഷോയിലൂടെ എത്തിയ സൂര്യ, ഇന്ന് സ്റ്റാർ സിങ്ങർ വേദിയിൽ ഫൈനലിസ്റ്റുകളാകുമെന്ന് കരുതപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ്. ഏറെ വ്യത്യസ്തമാർന്ന ശബ്ദവും ആലാപനവും കൊണ്ട് ഇതിനകം ഒരുകൂട്ടം ആരാധകരെയും സൂര്യ സ്വന്തമാക്കി കഴിഞ്ഞു.
ഇപ്പോഴിതാ മൂന്ന് വയസുവരെ തനിക്ക് വിക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സൂര്യ നാരായണൻ. സ്റ്റാർ സിംഗർ വേദിയിൽ ആയിരുന്നു സൂര്യ ഇക്കാര്യം പറഞ്ഞത്. ശബരിമലയിൽ പോയി വഴിപാട് കഴിച്ച് തിരിച്ച് വന്നപ്പോൾ തന്റെ വിക്ക് മാറിയെന്നും സൂര്യ പറയുന്നുണ്ട്. "മൂന്നാം വയസ് വരെ വിക്ക് ഉണ്ടായിരുന്ന ആളാണ് ഞാൻ. അമ്മയും അപ്പയും പറഞ്ഞത് അതിന് ശേഷം നമ്മൾ മലയ്ക്ക് പോയി. വഴിപാട് ചെയ്തു. മല ഇറങ്ങിയതിന് ശേഷം എനിക്ക് വിക്ക് വന്നിട്ടില്ലെന്നാണ്", എന്നായിരുന്നു സൂര്യ നാരായണന്റെ വാക്കുകൾ.
ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹം തന്നെയെന്നാണ് ഇവർ പറയുന്നത്. "എന്റെ അപ്പച്ചീടെ കൊച്ചുമകൾ അവൾക്കു വിക്കു കാരണം അമ്മേ എന്നുപോലും വിളിക്കാൻ പറ്റില്ലാരുന്നു. പെൺകുട്ടിയല്ലേ എല്ലാരും കളിയാക്കും. അങ്ങനെ അവർ മൂന്നു വർഷം നാൽപത്തൊന്നു ദിവസം വ്രതം നോക്കി പൊന്നയ്യപ്പനിരിക്കുന്ന ശബരിമലയിൽ പോയി. ആ ആശ്രിത വത്സലൻ അവളുടെ വിക്ക് പൂർണമായും മാറ്റികൊടുത്തു. ഇപ്പോൾ അവൾക്കു ഇരുപതു വയസായി മിടുക്കിയായി പഠിക്കുന്നു", എന്നാണ് ഒരാൾ അനുഭവമായി കുറിച്ചത്.